ദില്ലി: രാജ്യത്തെ പ്രമുഖ നേതാക്കളുടെ സുരക്ഷയ്ക്ക് ഇനി വനിത കമാൻഡോകളും (Women Commandos). കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി,പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖരുടെ സുരക്ഷാ സേനയിലാണ് വനിതാ സി.ആർ.പി.എഫുകാരെക്കൂടി ഉൾപ്പെടുത്തിയത്. എന്നാൽ ഇത് ആദ്യമായാണ് പ്രമുഖ നേതാക്കളുടെ സുരക്ഷാ ചുമതലയിൽ വനിതാ ഉദ്യോഗസ്ഥരെകൂടി നിയോഗിക്കുന്നത്. സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ടുള്ള പത്താഴ്ചത്തെ പരിശീലനം ലഭിച്ച വനിതാ ഉദ്യോഗസ്ഥരാണ് സുരക്ഷാ സംഘത്തിൽ അണിനിരക്കുന്നത്.
നിരായുധ പോരാട്ടം,ബോഡി ഫ്രിസ്ക്കിംഗ് തുടങ്ങിയവയിൽ പരിശീലനം നേടിയവരാണ് വനിതാ ഉദ്യോഗസ്ഥർ. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വസതിയിലും വനിതാ സിആർപിഎഫുകാരെ സുരക്ഷയ്ക്കായി നിയോഗിക്കും. 32 വനിതാ ഉദ്യോഗസ്ഥരെയാണ് സുരക്ഷാ സംഘത്തിലേക്ക് ഉൾപ്പെടുത്തുന്നത്.

