Sunday, October 11, 2026

ഭാര്യയുമായി ശാരീരികബന്ധമുണ്ടായിട്ടില്ല; കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ഭർത്താവ്: ആവശ്യം അംഗീകരിച്ച് കോടതി

കൊച്ചി: വിവാഹ മോചന കേസിൽ കുട്ടിയുടെ ഡി.എൻ.എ. പരിശോധനയ്ക്ക് അനുമതി നൽകി കോടതി. ഭാര്യയ്ക്ക് ഉണ്ടായ കുട്ടിയുടെ പിതാവ് താൻ അല്ലെന്നും ഇക്കാര്യം തെളിയിക്കാനായി ഡി.എൻ.എ. പരിശോധനയ്ക്ക് അനുമതി നൽകണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് അനുവദിച്ചത്.

വിവാഹ സമയത്ത് ഹരജിക്കാരൻ സൈന്യത്തിലായിരുന്നു. കല്യാണം കഴിഞ്ഞ് 22ആം ദിവസം താൻ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയെന്നും ഭാര്യയുമായി ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്നും ഹരജിക്കാരൻ പറയുന്നു. വന്ധ്യതയുള്ളതിനാൽ തനിക്ക് കുട്ടിയുണ്ടാകില്ലെന്ന ഡോക്ടറുടെ റിപ്പോർട്ടും ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി. ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് കുട്ടിയുടെ അച്ഛനെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.

ഡി.എൻ.എ ടെസ്റ്റിന് അനുമതി നൽകണമെന്ന ഹരജിക്കാരന്റെ ആവശ്യത്തെ ഭാര്യ എതിർത്തെങ്കിലും ഡിവിഷൻ ബെഞ്ച് തള്ളി. കുട്ടിക്കു ചെലവിനു നൽകണമെന്നാവശ്യപ്പെട്ട് ഭാര്യ നൽകിയ ഹരജിയിൽ ഡി.എൻ.എ ടെസ്റ്റ് നടത്താൻ കുടുംബക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ ഡി.എൻ.എ. പരിശോധന നടത്താനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

Related Articles

Latest Articles