കൊച്ചി: ശബരിമലയിലെ കുത്തക കരാറുകളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറക്കി ഹൈക്കോടതി. ശബരിമലയിലെ പാര്‍ക്കിങ്, നാളികേരം, കച്ചവട സ്ഥാപനങ്ങളുടെ ലേലം തുടങ്ങിയ കുത്തക കരാറുകളിലാണ് അന്വേഷണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നല്‍കിയ കരാര്‍ ഇടപാടുകളിലാണ് അന്വേഷണം.വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയത്. ഉദ്യോഗസ്ഥ തല വീഴ്ച കണ്ടെത്തിയാല്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡിന് ക്ഷേത്രത്തിന്റെ സ്വത്തുവകകള്‍ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
എല്ലാ കുത്തക കരാറുകളിലും അന്വേഷണം നടത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ മണ്ഡല കാലത്ത് ഈ കരാറുകളില്‍ ക്രമക്കേട് നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. വ്യവസ്ഥ പ്രകാരമുള്ള ഈടു വെയ്ക്കാതെയും ബാങ്ക് ബാലന്‍സ് കാണിക്കാതെയും കരാറുകാര്‍ വീഴ്ച വരുത്തുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നത്.

