കൊച്ചി; ദേവസ്വം ബോർഡിന്റെ ഫണ്ട്, ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി മാത്രം ഉപയോഗിക്കണമെന്ന് ഹൈക്കോടതി . അനാവശ്യമായ മറ്റ് ചിലവുകൾ ഒഴിവാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിൽ പറഞ്ഞത്. ഭക്തരുടെ കയ്യിൽ നിന്നും ലഭിക്കുന്ന തുകയിൽ 20 ലക്ഷത്തിലധികം രൂപ ചെലവഴിക്കണമെങ്കിൽ ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബോർഡിന് കീഴിലെ ക്ഷേത്രങ്ങളുടെ നിത്യനിദാന ചിലവുകൾ കഴിഞ്ഞ് തുക മിച്ചമുണ്ടെങ്കിൽ ഹിന്ദു സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്കാരിക ഉന്നമനത്തിന് വിനിയോഗിക്കാൻ മാത്രമേ ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ടിൽ വ്യവസ്ഥയുള്ളൂവെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ഹരിശങ്കർ വി. മേനോനും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി

