Wednesday, January 7, 2026

അവധി ദിനത്തിൽ ഹൈക്കോടതിയുടെ സിറ്റിങ് !ശബരിമല തീർത്ഥാടകർക്ക് അടിയന്തിരമായി സൗകര്യമൊരുക്കാൻ നിർദേശം

കൊച്ചി: ശബരിമലയിലെ തിരക്ക് പ്രതിസന്ധിയില്‍ അടിയന്തിര ഇടപെടൽ നടത്തി ഹൈക്കോടതി. അവധി ദിനമായ ഇന്ന് ശബരിമലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്ങ് നടത്തി. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടിക്ക് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ വഴിയില്‍ തടയുകയാണെങ്കില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യമെങ്കില്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.

പാലാ, പൊന്‍കുന്നം, ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരിപ്പള്ളി എന്നീ അഞ്ചിടങ്ങളിൽ ഭക്തരുടെ വാഹനങ്ങള്‍ തടയുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഇങ്ങനെ തടയുന്ന വാഹനങ്ങളിലുള്ള ഭക്തർക്ക് കുടിവെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇത്തരത്തില്‍ വാഹനങ്ങള്‍ തടയുമ്പോള്‍ ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് കോടതിയുടെ നിർദേശിച്ചു. ആവശ്യമെങ്കില്‍ പോലീസ് മേധാവി നേരിട്ടിടപെടണമെന്നും ജില്ലാ ഭരണക്കൂടം ഈക്കാര്യം കൃത്യമായി ഏകോപിപ്പിക്കണമെന്നും നിര്‍ദേശവുമുണ്ട്.

അതേസമയം അടുത്ത രണ്ട് ദിവസത്തെ വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് തൊണ്ണൂറായിരം കടന്നിരിക്കുകയാണ്. സ്‌പോട്ട് ബുക്കിങ്ങു വഴി പതിനായിരത്തോളം ഭക്തരും എത്തുന്നതോടെ ഏതാണ്ട് ഒരു ലക്ഷത്തിലധികം ഭക്തര്‍ വരുന്ന രണ്ട് ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തും. ഇത് കൂടാതെ ഇരുപതിനായിരത്തോളം പേര്‍ യാതൊരു വിധ ബുക്കിങ്ങില്ലാതെ ശബരിമലയിലെത്തുന്നുണ്ട്. ഇത്തരത്തിൽ എത്തുന്നവരുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് അറിയിക്കാന്‍ ശബരിമലയുടെ സെക്യൂരിറ്റി ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles