കോഴിക്കോട്: താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്ലാന്റിൽ നിന്ന് സമീപത്തെ പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബോർഡ് ഇന്നലെ സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചിരുന്നത്. എന്നാൽ, ഇതിനെതിരെ കമ്പനി ഉടമകൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തത്.
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ കളക്ടറും നാളെ പ്ലാന്റിൽ നേരിട്ടെത്തി സംയുക്ത പരിശോധന നടത്തും. ഈ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്ലാന്റിന്റെ തുടർപ്രവർത്തനത്തിൽ കോടതി അന്തിമ തീരുമാനമെടുക്കുക. പ്രളയത്തെ തുടർന്ന് പ്ലാന്റിൽ വെള്ളം കയറിയതിനെ തുടർന്നാണ് കോഴിമാലിന്യം പുഴയിലേക്ക് ഒഴുകിയതെന്നും, പ്രാദേശിക പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയാണ് മലിനീകരണ ബോർഡിന്റെ നടപടിയെന്നും പി.കെ. ഫിറോസ് എംഎൽഎ പ്രതികരിച്ചിരുന്നു. ഒക്ടോബര്‍ 21ന് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പോലിസും ഏറ്റുമുട്ടിയിരുന്നു. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പോലിസുകാര്‍ക്ക് പരിക്കേറ്റിരുന്നു.’

