Monday, May 20, 2024
spot_img

‘ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു, നിയമ പോരാട്ടം തുടരും’; കെകെ രമ എംഎൽഎ

കൊച്ചി: ആര്‍.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എംഎൽഎയും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ. കേസിൽ മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നിൽ വന്നിട്ടില്ല. നിയമ പോരാട്ടം തുടരുമെന്നും കെകെ രമ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിൽ പ്രതികള്‍ക്ക് വധശിക്ഷയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.

ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി എന്നിവരുടെയും ഏഴാം പ്രതിയായ കെ ഷിനോജ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ ഗൂഡാലോചന കുറ്റം കൂടി ചുമത്തിയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയത്. ഇവര്‍ക്കെതിരെ വിചാരണ കോടതി കൊലപാതകത്തിന് മാത്രമാണ് ശിക്ഷിച്ചിരുന്നത്. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെങ്കിലും പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് കോടതി ഉത്തരവ്.

വിചാരണക്കോടതി വിധിച്ച ഇവരുടെ ജീവപര്യന്തം ശിക്ഷാകാലയളവ് ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി. ആറാം പ്രതിക്ക് ജീവപര്യന്തം തടവിനൊപ്പം ആറു മാസം കൂടി തടവിനും ഹൈക്കോടതി ശിക്ഷിച്ചിട്ടുണ്ട്. ഏഴു വരെയുള്ള പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് ശിക്ഷാകാലയളവില്‍ യാതൊരു നല്‍കരുതെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. പുതുതായി കൊലപാതക ഗൂഡാലോചനയിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെകെ കൃഷ്ണൻ (മുന്‍ ഒഞ്ചിയം ഏരിയ കമ്മിറ്റി), 12ാം പ്രതി ജ്യോതി ബാബു (കുന്നോത്ത് പറമ്പ് മുന്‍ ലോക്കല്‍ കമ്മിറ്റി) എന്നിവരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു.

Related Articles

Latest Articles