Saturday, May 11, 2024
spot_img

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്! ഉടമ കെ.ഡി. പ്രതാപൻ ഇഡി ഓഫിസിൽ ഹാജരായി! ശ്രീന ഒളിവിൽ തന്നെ

ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് കേസിലെ പ്രതിയും ഹൈറിച്ച് കമ്പനി ഉടമയുമായ കെ.ഡി പ്രതാപന്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. അതേസമയം കേസിലെ മറ്റൊരു പ്രതിയും കമ്പനിയുടെ സിഇഒയും പ്രതാപന്‍റെ ഭാര്യയുമായ ശ്രീന ഹാജരായില്ല. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കൊച്ചിയിലെ ഇഡി ഓഫീസില്‍ പ്രതാപന്‍ എത്തിയത്. ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാമെന്ന് ഇരുവരും ഇക്കഴിഞ്ഞ രണ്ടിന് കോടതിയെ അറിയിച്ചിരുന്നു. പ്രതാപനെ ഇഡി ചോദ്യം ചെയ്യുകയാണ്.

മണി ചെയിൻ തട്ടിപ്പിലൂടെകോടികൾ തട്ടിയെടുത്തെ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ഇഡി തൃശൂരിലെ വസതിയിൽ റെയ്ഡിന് എത്തുന്നതറിഞ്ഞതോടെ ദമ്പതികൾ ഒളിവിൽ പോകുകകയായിരുന്നു. തട്ടിപ്പിലൂടെ കമ്പനി കൈവശപ്പെടുത്തിയത് 1157 കോടി രൂപയാണെന്നാണ് ഇഡി കണ്ടെത്തിയത്. ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, ഉടമകളുടെ രണ്ടു വീടുകള്‍, തൃശ്ശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകള്‍ എന്നിവിടങ്ങളിൾ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇക്കാര്യം ഇഡി വ്യക്തമാക്കിയിരുന്നത്.

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറും, സ്പെഷൽ പ്രോസിക്യൂട്ടർ എം.ജെ. സന്തോഷും സമാനസ്വഭാവമുള്ള 19 കേസുകളിൽ കൂടി ഇവർ പ്രതികളാണെന്ന വിവരം കോടതിയെ അറിയിച്ചിരുന്നു. മണിചെയിൻ തട്ടിപ്പിനു പുറമേ 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിനു ജിഎസ്ടി ഇന്റലിജൻസ് വിഭാഗവും ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ചും പ്രതികൾ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അന്വേഷണത്തിൽ കണ്ടെത്തിയ 212 കോടി രൂപ മാത്രമാണ് ഇഡി.ക്കു നിലവിൽ മരവിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കിയുള്ള തുക കണ്ടെത്തി കണ്ടുകെട്ടാനുള്ള നടപടി ആരംഭിക്കണം. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു തെളിവെടുക്കേണ്ടത് ആവശ്യമാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.

കമ്പനി തട്ടിയെടുത്ത പണത്തില്‍ 482 കോടി രൂപ ക്രിപ്‌റ്റോ കറന്‍സി വഴിയും 1138 കോടി രൂപ എച്ച്ആര്‍. കോയിൻ ഇടപാട് വഴിയും സമാഹരിച്ചതാണ്. തട്ടിയെടുത്ത പണം ഇവർ വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. 1630 കോടി രൂപയുടെ തട്ടിപ്പാണെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്. സംസ്ഥാന ജിഎസ്.ടി. വിഭാഗം ഹൈറിച്ച് ഉടമകള്‍ 126 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് നേരത്തേത്തന്നെ റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

പലചരക്ക് ഉത്പന്ന വിൽപ്പനയുടെ മറവിൽ മണി ചെയിൻ നടത്തുകയാണ് സ്ഥാപനം ചെയ്തിരുന്നത്. കേരളത്തിൽ 78 ശാഖകളും രാജ്യത്തൊട്ടാകെ 680 ഷോപ്പുകളുമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. ക്രിപ്‌റ്റോ കറൻസി ഇടപാട് ഉൾപ്പെടെ നിരവധി അനുബന്ധ സ്ഥാപനങ്ങളും ഹൈറിച്ചിനുണ്ട്. വൻതുകയാണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്. പുതിയ ഇടപാടുകാരെ ആകർഷിക്കുന്നതിനായി നിലവിലുള്ള ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചു കാട്ടാന്‍ ഒരു ഇടപാടുകാരന്റെ പേരില്‍ത്തന്നെ കമ്പനി അമ്പതോളം ഐ.ഡികള്‍ സൃഷ്ടിച്ചുവെന്നും ആരോപണമുണ്ട്‌.

Related Articles

Latest Articles