Tuesday, May 21, 2024
spot_img

സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത, ജാഗ്രതാ നിർദ്ദേശം നൽകി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം

തിരുവനന്തപുരം : തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. അടുത്ത നാല് ദിവസത്തേക്ക് 1.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതേസമയം കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ആയതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിർദ്ദേശം നൽകി. കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles