Thursday, January 8, 2026

രാജ്യത്ത് താപനില ക്രമാതീതമായി ഉയരുന്നു; വരും ദിവസങ്ങളില്‍ ചൂടുകാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദില്ലി: രാജ്യത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്രം. വരുന്ന അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍, ചൂടുകാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.കൂടാതെ വരും ദിവസങ്ങളില്‍, രാജ്യതലസ്ഥാനമായ ദില്ലിയിൽ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. എന്നാൽ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30 ന് രേഖപ്പെടുത്തിയ 40.1 ഡിഗ്രി സെല്‍ഷ്യസ് ആണ് ദില്ലിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില.

അതേസമയം ദില്ലിയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും ഉയര്‍ന്ന താപനില 1945 മാര്‍ച്ച് 31 നായിരുന്നുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ രേഖകളില്‍ സൂചിപ്പിക്കുന്നു. 40.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്. മാര്‍ച്ച് 31നും ഏപ്രില്‍ ഒന്നിനുമാണ് ചൂടുകാറ്റിന് സാദ്ധ്യതയുള്ളതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഏപ്രില്‍ മാസത്തിലെ ആദ്യ ദിനങ്ങളില്‍ ചൂടിന് അല്‍പം ശമനം ഉണ്ടാകുമെങ്കിലും, പിന്നീട് ചൂട് കൂടുതല്‍ തീവ്രമായി തുടരും. മാത്രമല്ല ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വടക്ക് കിഴക്കന്‍ മേഖലയിലേക്കുളള തെക്ക്പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും ചൂടുകാറ്റിന് കാരണമാകാമെന്ന് കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.

Related Articles

Latest Articles