Friday, December 19, 2025

ഹിജാബ്: കേസ് കർണാടക ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു; വാദം തുടരും

ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേട്ടതിന് ശേഷം കര്‍ണാടക (Karnataka) ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെഎം ഖാസി എന്നിവരടങ്ങിയ ഹൈകോടതിയുടെ ഫുള്‍ ബെഞ്ച് തിങ്കളാഴ്ച വാദം കേട്ടു. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ പാടില്ലെന്ന ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് അന്തിമ വിധി വരുന്നതുവരെ തുടരും.

ഇസ്‌ലാമിൽ ഹിജാബ് അനിവാര്യമാണോ എന്ന് കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് സർകാർ വാദിച്ചപ്പോൾ പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാനും വിദ്യാഭ്യാസം തുടരാനും അനുവദിക്കണമെന്ന് ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് വീണ്ടും വാദം കേൾക്കൽ തുടരും.

അതേസമയം ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥിനികള്‍. പരീക്ഷ എഴുതുമ്പോള്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് പരീക്ഷ എഴുതാതെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

ഹിജാബ് ധരിക്കാതെ പ്രത്യേക മുറിയിൽ പരീക്ഷയെഴുതാൻ അധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റും ഇവർക്ക് അവസരം നൽകി. എന്നാൽ, വിദ്യാർഥികൾ ഈ വാഗ്ദാനം നിരസിക്കുകയും പരീക്ഷ ബഹിഷ്‌കരിക്കാൻ തീരുമാനിക്കുകയുമായിരുന്നു. അവിടെ സ്‌കൂളിലെത്തിയ പെൺകുട്ടികളുടെ രക്ഷിതാക്കളും കുട്ടികളെ പിന്തുണച്ച് ഹിജാബ് ഇല്ലാതെ ക്ലാസിൽ പോകാൻ കഴിയില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി.

Related Articles

Latest Articles