Tuesday, December 23, 2025

‘ഹിജാബ് വിഷയം പുറത്തുള്ളവർ ഇടപെട്ട് വഷളാക്കുന്നു’; ആവശ്യമില്ലാതെ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബംഗളൂരു: ഹിജാബ് വിഷയത്തിൽ പുറത്തുനിന്നുള്ളവർ ഇടപെട്ട് ആവശ്യമില്ലാതെ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് തുറന്നടിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

‘ഇത് വളരെ നിസാരവും വ്യക്തവുമാണ്. ഹൈക്കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതെല്ലാവരും പിന്തുടരേണ്ടതാണ്. എന്നാൽ അതിനിടയ്‌ക്ക് കേറി ഇടപെടൽ നടത്തുകയാണ് പുറത്തുനിന്നുള്ളവർ. അതുകൊണ്ടാണ് ഹിജാബ് വിഷയത്തിൽ ആശയക്കുഴപ്പം വർദ്ധിക്കുന്നത്. പുറത്തുനിന്നുള്ളവർ ഇത്തരത്തിൽ ഇടപെടലുകൾ നടത്താതിരുന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ്, പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുന്നതാണ്. നേരത്തെ ഉണ്ടായിട്ടുള്ള സമാനപ്രശ്‌നങ്ങൾ പ്രാദേശികമായി ഒത്തുതീർപ്പാക്കിയിട്ടുണ്ട്’- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ഹിജാബ് വിഷയം വിവാദമായതിനെ തുടർന്ന് ഫെബ്രുവരി പത്തിന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

തുടർന്ന് വിഷയത്തിൽ അന്തിമ വിധി പ്രസ്താവം ഉണ്ടാകുന്നത് വരെ വിലക്ക് നിഷ്‌കർഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിച്ചെത്തരുത് എന്നായിരുന്നു ഉത്തരവ്.

Related Articles

Latest Articles