Friday, May 17, 2024
spot_img

നിത്യവും അരയാലിനെ പ്രദക്ഷിണം ചെയ്താൽ ഇതാണ് ഫലം !

ദ്രാവിഡ സംസ്ക്കാരത്തിന്റെ പ്രതീകമാണ് പ്രകൃതി ശക്തികളെ ആരാധിക്കുന്നത്. വൃക്ഷാരാധന ദ്രാവിഡ ജനതയുടെ ദൈവീക സങ്കല്പമാണ്. ഇതിന്റെ ഭാഗമായി കാവുകളെ നമ്മൾ പരിപാവനമായി സംരക്ഷിച്ചു പോരുന്നു.

ദേവതാ സങ്കല്പമുള്ള മരക്കൂട്ടങ്ങളാണ് കാവുകൾ. ക്ഷേത്രവും കുളവും ആൽത്തറയുമെല്ലാം കാവുകളുടെ ഭാഗമാണ്. ത്രിമൂർത്തി ചൈതന്യം കുടികൊള്ളുന്ന വൃക്ഷമായാണ് അരയാലിനെ സങ്കൽപ്പിച്ചിരിക്കുന്നത്. ക്ഷേത്രസന്നിധിയിലെ അരയാലിനെ പ്രദക്ഷിണം വച്ച് തൊഴുതു വേണം ക്ഷേത്രത്തിനുള്ളിലേക്ക് കയറേണ്ടത് എന്നു ആചാര്യന്മാർ പറയുന്നു. ആധ്യാത്മികമായും മനസൗഖ്യം നൽകുന്നതുമായ ഊർജ്ജം അരയാലിൽ നിന്നു ലഭിക്കുന്നു എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയായിരിക്കാം ഇങ്ങനെ പറഞ്ഞിരുന്നത്.

ദശ കൂപ സമോ വാപീ ദശ വാപീ സമോ ഹൃദ

ദശഹൃദ സമോ പുത്ര ദശപുത്ര സമോ ദ്രുമ

എന്നു വൃക്ഷായ്യൂർവേദത്തിൽ അരയാലിനെ കുറിച്ചു പറയുന്നു. അരയാൽ പത്തു പുത്രനു തുല്യമാണ് എന്ന് ഈ ശ്ലോകത്തിൽ നിന്നർഥമാക്കുന്നു. ദ്രുമം എന്നാൽ അരയാൽ എന്നാണർഥം . ഒരു മനുഷ്യനു ജീവിതത്തിൽ വേണ്ടതായ സുഖവും ഗുണവും ശക്തിയുമെല്ലാം നല്കുന്ന വൃക്ഷമാണ് അരയാൽ എന്നു പറയാം.

ജ്യോതിഷത്തിലും അരയാലിനു വളരെയധികം പ്രാധാന്യം കൽപ്പിച്ചിരിക്കുന്നു. പ്രധാനമായും പൂയം നക്ഷത്രത്തിന്റെ വൃക്ഷമായാണ് അരയാലിനെ പറയുന്നത്. ഒരു കുടക്കീഴിൽ അരയാൽ എങ്ങനെ സർവ ചരാചരങ്ങളേയും സംരക്ഷിക്കുന്നുവോ അതുപോലെയാണ് പൂയം നക്ഷത്രജാതരും എന്നു ജ്യോതിഷന്മാർ അഭിപ്രായപ്പെടുന്നു.

ഓരോ ഗ്രഹത്തിന്റേയും ദശാകാലത്തുള്ള ദോഷങ്ങൾ മാറാൻ ആരയാലിനു ചുറ്റും നിത്യവും ഏഴ് പ്രദക്ഷിണം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കുന്നു. ഏഴ് പ്രദക്ഷിണം വയ്ക്കുന്നത് ഏഴു ലോകങ്ങളിലും മുക്തി പ്രദായകമാണന്നും പറയുന്നു. പ്രത്യേകിച്ചും ശനി ദശാകാലമുള്ളവരും കണ്ടകശനിയും ഏഴര ശനിയും ജാതകത്തിൽ വരുന്നവരും ശനിയുടെ അപഹാരമുള്ളവരും ആൽമരത്തെ പ്രദക്ഷിണം ചെയ്യുന്നത് ശ്രേഷ്ഠമായി കരുതുന്നു.

എന്നാൽ ഉച്ച കഴിഞ്ഞും ത്രിസന്ധ്യയിലും രാത്രിയിലും പ്രദക്ഷിണം വയ്ക്കാൻ പാടില്ല. നൂറ്റിയെട്ടു പ്രാവിശ്യം ആൽ മരത്തെ പ്രദക്ഷിണം ചെയതാൽ അശ്വമേധ യാഗം നടത്തിയാൽ കിട്ടുന്ന പുണ്യമാണുണ്ടാവുക എന്നും പറയുന്നു. മഹാലക്ഷ്മീ സാന്നിധ്യമുള്ള അരയാലിന്റെ മുകളിൽ യക്ഷി ഗന്ധർവ്വന്മാരും കീഴെ ദക്ഷിണാമൂർത്തിയും ഇലകളിൽ മഹാവിഷ്ണുവും വസിക്കുന്നു എന്നൊരു വിശ്വാസവുമുണ്ട്. അശ്വത്ഥ വ്രതവും അശ്വത്ഥോപനയന വ്രതവും അരയാലുമായി ബന്ധപ്പെട്ട വ്രതങ്ങളാണ്. ഇടിമിന്നലിൽ നിന്നു സംരക്ഷിക്കാൻ കഴിയുന്നു എന്നൊരു പ്രത്യേകതയും അരയാലിനുണ്ട്.

ആഴ്ചയിൽ ഏഴു ദിവസം അരയാലിനു ചുററും പ്രദക്ഷിണം വെച്ചാൽ അഭിവൃദ്ധിയും ശ്രേയസ്സും ഉണ്ടാകുമെന്നാണ് വിശ്വാസം. ഞായറാഴ്ച്ചയാണങ്കിൽ രോഗശാന്തിയും തിങ്കളാഴ്ച്ചയാണങ്കിൽ മംഗല്യ ഭാഗ്യവും തിങ്കളും അമാവാസിയും ചേർന്നു വരുന്ന ദിവസമാണങ്കിൽ സർവപാപങ്ങളും നശിക്കുന്നു എന്നും പറയപ്പെടുന്നു. ചൊവ്വാഴ്ച്ചയാണങ്കിൽ വിജയവും ബുധനാഴ്ച്ച വ്യാപാര വിജയവും വ്യാഴാഴ്ച്ചയാണങ്കിൽ വിദ്യാവിജയവും വെള്ളിയാഴ്ച്ച ഐശ്വര്യവും ശനിയാഴ്ച്ച സങ്കടമോചനവുമാണ് ഫലം.

അതുപോലെ തന്നെ അരയാലിന്റെ പ്രാധാന്യം രാമായണത്തിലും പുരാണങ്ങളിലും പ്രതിപാദിക്കുന്നു. അരയാലിന് കൊടുക്കുന്ന പവിത്രതയും ദൈവികതയും പുരാതനകാലം മുതലേ ആലിലയ്ക്കും നൽകുന്നുണ്ട് എന്നു പറയാം.

മാത്രമല്ല ശ്രീകൃഷ്ണനെ ആലിലക്കണ്ണൻ എന്നു പറയുന്നതും ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. പ്രാചീന കാലത്ത് രാജാവ് ,വധു, പുരോഹിതൻ, വിശ്വാസി തുടങ്ങിയ പദവികൾ അലങ്കരിക്കുന്നവർ ആലിലയാണ് പട്ടമായി കെട്ടിയിരുന്നത്. കഴുത്തിലോ ശിരസ്സിലോ ആലില കെട്ടുന്നതിനെ പട്ടം കെട്ടുക എന്നാണ് പറഞ്ഞിരുന്നത്. ഇതിൽ നിന്നാണ് പട്ടമഹിഷി ,പട്ടാഭിഷേകം, പട്ടക്കാരൻ എന്നീ നാമങ്ങൾ ഉണ്ടായതെന്നും പറയുന്നു. പാലി ഭാഷയിൽ പട്ടം എന്നാൽ ആലില എന്നർത്ഥമാക്കുന്നു.

കേരളീയ സ്ത്രീകളുടെ താലിയുടെ ആകൃതിയും ആലിലയുടെ രൂപത്തിലാവാൻ കാരണവുമിതാണ്. എല്ലാത്തിനുമുപരി ഭാരതത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം ആലിലയുടെ രൂപത്തിലാണ് നൽകുന്നത്. ബുദ്ധമതക്കാരുടെ മതബിംബമായും ആലില അറിയപ്പെടുന്നു. പ്രത്യേക സഥാനമാനങ്ങൾ ബുദ്ധമതക്കാരുടെയിടയിൽ നടക്കുന്നതിനെ പട്ടം കെട്ടുക എന്നാണ് പറയുന്നത്. ഇതിൽ നിന്നെല്ലാം ആൽ നമ്മുടെ നിത്യജീവിതത്തിൽ എത്രത്തോളം പ്രാധാന്യം കൊടുക്കുന്നു എന്നു മനസ്സിലാക്കാൻ കഴിയും.

(കടപ്പാട്)

Related Articles

Latest Articles