Thursday, January 8, 2026

ഇമ്രാന്‍ ഖാനെതിരെ ഹിന റബ്ബാനിയും; ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ ഇമ്രാന്‍ പരിഹാസപാത്രമാക്കിയെന്നും മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി

ഇസ്ലാമാബാദ് : പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ പരിഹാസപാത്രമാക്കിയെന്ന് മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി. നാലുമാസങ്ങള്‍ക്ക് മുമ്പ് ഏപ്രിലില്‍ പാര്‍ലമെന്‍റ് സമ്മേളനത്തിനിടയിലാണ് ഇമ്രാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള ഹിനയുടെ ഈ പരാമര്‍ശം.

ജപ്പാനും ജര്‍മ്മനിയും അയല്‍രാജ്യങ്ങളാണെന്നും ഇരു രാജ്യങ്ങളും മികച്ച ബന്ധമല്ല ഉള്ളതെന്നുമാണ് ഇമ്രാന്‍ഖാന്‍ പ്രസ്താവന നടത്തിയത് എന്നാല്‍ ഭൂമി ശാസ്ത്ര പരമായി ജപ്പാന്‍ ഈസ്റ്റ് ഏഷ്യയിലും, ജര്‍മ്മനി യൂറോപ്പിലുമാണ്. ഇതുകൂടാതെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാനും ജര്‍മ്മനിയും എതിരാളികളായിരുന്നു എന്നും ഇമ്രാന്‍ ഖാന്‍ വാദിച്ചിരുന്നു. ചരിത്രം പറയുന്നത് ഇരു രാജ്യങ്ങളും അക്കാലയളവിലും മികച്ച സഹകരണത്തില്‍ ആയിരുന്നു എന്നാണ്.

പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയൊന്നുമില്ല. പക്ഷേ മറ്റ് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ പാക്കിസ്ഥാനെ പരിഹാസ പാത്രമാക്കി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്തിനു മുന്നില്‍ ഇമ്രാന്‍ഖാന്‍റെ വിഡ്ഢിത്തരങ്ങള്‍ കാരണം നമുക്ക് മുഖം കാണിക്കാന്‍ സാധിക്കുന്നില്ല.

നിങ്ങള്‍ക്ക് വിവേകമില്ലെങ്കില്‍ ഭരണ തന്ത്രത്തില്‍ വിദഗ്ധ പരിശീലനം നേടണം. വേണ്ടത്ര പരിശീലനം സിദ്ധിച്ച ശേഷം മാത്രം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കടന്നുവരണമായിരുന്നു എന്നും ഹിന റബ്ബാനി കുറ്റപ്പെടുത്തി. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര പിന്തുണയ്ക്കായി ഇമ്രാന്‍ ഖാന്‍ അശ്രാന്ത പരിശ്രമം നടത്തി വരുമ്പോഴാണ് മുന്‍ വിദേശകാര്യ മന്ത്രി തന്നെ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. യുഎന്നില്‍ ഉള്‍പ്പടെ ഈ വിഷയം അവതരിപ്പിച്ച് ലോക ശ്രദ്ധ നേടാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ആഭ്യന്തര കാര്യം എന്ന മറുപടിയാണ് രാജ്യങ്ങളില്‍ നിന്നും ലഭിച്ചത്.

അതേസമയം ഹിന റബ്ബാനി ഇമ്രാന്‍ ഖാനെ വിമര്‍ശിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടിയിട്ടുണ്ട്. ഇതിനെതിരെ ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്.

Related Articles

Latest Articles