തിരുവനന്തപുരം: ഒരു ദശകത്തിലേറെയായി തിരുവനന്തപുരത്ത് നടന്നുവരുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ഇക്കൊല്ലം കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ ഏപ്രിൽ 27 ന് തിരിതെളിയും. കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദ പുരി ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. 16 സെഷനുകളിലായി നടക്കുന്ന ഹിന്ദു യൂത്ത് കോൺക്ലേവ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ, ജെ നന്ദകുമാർ, കുമ്മനം രാജശേഖരൻ, പി സി ജോർജ്ജ് തുടങ്ങിയവർ പങ്കെടുക്കും. മെയ് ഒന്നിന് നടക്കുന്ന സമാപന സമ്മേളനം ഗോവ ഗവർണ്ണർ പി.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും.
സമ്മേളനത്തിന്റെ മുഖ്യ ആകർഷണമായ ഹിന്ദു യൂത്ത് കോൺക്ലേവിൽ ബിജെപി നേതാക്കളായ സന്ദീപ് വാരിയർ, സന്ദീപ് വാചസ്പതി, ടി ജി മോഹൻദാസ്, മാധ്യമ പ്രവർത്തകൻ വടയാർ സുനിൽ, തത്വമയി ന്യൂസ് മേധാവി രാജേഷ് പിള്ള തുടങ്ങി സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.

