Monday, December 29, 2025

മതമൗലികവാദികളുടെ അഴിഞ്ഞാട്ടം, പാകിസ്താനില്‍ ഹിന്ദുക്കള്‍ക്ക് രക്ഷയില്ല: ക്ഷേത്രങ്ങൾ തകർത്തു, വീടുകൾ കൊള്ളയടിച്ചു

ഇസ്ലാമാബാദ്- ഹിന്ദു സ്കൂൾ പ്രിൻസിപ്പൾ മതനിന്ദ നടത്തിയെന്ന പരാതിയെത്തുടർന്ന് പാകിസ്ഥാനിലെ സിന്ധിൽ ഹിന്ദുക്കൾക്ക് നേരെ വൻ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഒരു മുസ്ലിം വിദ്യാർത്ഥിയുടെ രക്ഷകർത്താവാണ് പ്രിൻസിപ്പൾ മതനിന്ദ നടത്തിയെന്ന പരാതി നൽകിയത്. പരാതി പുറത്താവുകയും ഹിന്ദുക്കൾക്ക് നേരേ വര്‍ഗീയകലാപം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു.

സിന്ധിലെ ഗോട്കി ജില്ലയിലാണ് ആക്രമണപരമ്പര അരങ്ങേറുന്നത് . ഹിന്ദുക്കളുടെ വീടുകളും സ്കൂളും ക്ഷേത്രങ്ങളും തല്ലിത്തകർക്കാന്‍ ആഹ്വാനം ചെയ്യുന്ന ആക്രമണകാരികളുടെ വീഡിയോകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിയ്ക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ആളപായം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മതനിന്ദ നടത്തിയെന്ന് ആരോപിതനായ സ്കൂൾ പ്രിൻസിപ്പാളിനെ ഒളിപ്പിച്ച് താമസിപ്പിച്ചിരിയ്ക്കുകയാണെന്ന് പാകിസ്ഥാൻ ഹിന്ദു കൗൺസിൽ മേധാവി രമേഷ് കുമാർ വാഗ്വാനി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ പ്രിൻസിപ്പൾ പോലീസ് കസ്റ്റഡിയിലാണെന്നും ചില പാകിസ്ഥാൻ മാദ്ധ്യമങ്ങൾ പറയുന്നു.

സിന്ധിൽ ഹിന്ദു യുവതികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നതിൽ മുഖ്യ സൂത്രധാരനെന്ന് ആരോപണാമുയർന്നിട്ടുള്ള പിർ അബ്ദുൾ ഹഖിന്‍റെ അനുയായികളാ‍ണ് ആക്രമണങ്ങളിൽ പങ്കെടുക്കുന്നവരിൽ കൂടുതലും എന്ന് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സിന്ധ് പ്രവിശ്യയിൽ ബാക്കിയുള്ള ഏഴു ശതമാനത്തോളം ഹിന്ദുക്കൾ നിരന്തരമായ ആക്രമണങ്ങളും ഭീഷണിയും കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞകാലങ്ങളിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി മുസ്ലീങ്ങളെക്കൊണ്ട് ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിയ്ക്കുന്ന സംഭവങ്ങളും കൂടിവരികയാണ്. പാകിസ്ഥാൻ ഗവണ്മെന്റും പോലീസും ഇത്തരം കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല.

ഇതിനെതിരേ ഹിന്ദുക്കൾ വൻ പ്രതിഷേധം ഉയർത്തുന്ന സമയത്താണ് പ്രിൻസിപ്പൾ മതനിന്ദ നടത്തി എന്ന കിം‌വദന്തി പരക്കുകയും ഹിന്ദുക്കളെ ലക്ഷ്യം വച്ച് വന്‍ ആക്രമണം ഉണ്ടാവുകയും ചെയ്തത്.

Related Articles

Latest Articles