അമരാവതി: ആന്ധ്രാപ്രദേശിൽ പാസ്റ്റര്‍മാര്‍ക്ക് പ്രതിമാസം 5,000 രൂപ ഓണറേറിയം നൽകുമെന്ന് ജഗന്മോഹൻ റെഡ്ഡി സർക്കാർ. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍മാരുടെ എണ്ണവും അവരുടെ പേരു വിവരങ്ങളും റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വഴി ശേഖരിക്കാന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവിൽ ആവശ്യപ്പെടുന്നത്.
മതപരിവർത്തനത്തിന് വളം വെച്ചു കൊടുക്കുന്ന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്ത് വന്നു. നടപടി ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കുമെന്നും മതംമാറ്റം പ്രോത്സാഹിപ്പിക്കുമെന്നും ബിജെപി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന വില്ലേജ് വോളന്റിയേഴ്‌സിനെ ഇതിന് നിയോഗിച്ചതു വഴി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. ‘പൊതുഫണ്ട് ഉപയോഗിച്ച് ഒരു മതത്തെ വളര്‍ത്തുന്നത് ഗുരുതരമായ പ്രശ്‌നമാണ്. മറ്റു മതസ്ഥരെ അപഹസിക്കുകയും മതംമാറ്റുകയും ചെയ്യുന്നവരാണ് പാസ്റ്റര്‍മാര്‍. അവര്‍ക്ക് ഓണറേറിയം നല്‍കുന്നത് എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനു തുല്യമാണ്.’ ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദേവ്ധര്‍ പറഞ്ഞു. മതപരിവർത്തനത്തെ പ്രോത്സാഹിപ്പിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെങ്കിൽ ജഗ് മോഹന്‍ റെഡ്ഡിയെ കളി പഠിപ്പിക്കുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.
പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യാനിയായ ജഗന്‍റെ നടപടി കത്തോലിക്കാ സഭയെയും രോഷാകുലരാക്കി. പാസ്റ്റര്‍മാര്‍ക്ക് പണം നല്‍കേണ്ടത് വിശ്വാസികളും സഭാ അധികൃതരുമാണെന്നും സര്‍ക്കാർ അത് ചെയ്യാൻ പാടില്ലെന്നും കത്തോലിക്കാ സഭാ മാസിക എഡിറ്റര്‍ അജി ഫിലിപ്പ് അഭിപ്രായപ്പെട്ടു.

