ദില്ലി: പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികൾ (Hindu Girls Struggling In Pakistan)നേരിടുന്നത് കൊടിയ പീഡനങ്ങളെന്ന് റിപ്പോർട്ട്. മുസ്ലീം യുവാക്കൾ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി, മതപരിവർത്തനത്തിന് ഇരയാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബിജെപി നേതാവ് മഞ്ജിന്ദർ സിംഗ് സിർസയാണ് ഇതുസംബന്ധിച്ച ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. ന്യൂനപക്ഷങ്ങൾക്കെതിരേയും ഹിന്ദു പെൺകുട്ടികൾക്കെതിരേയുമുള്ള ആക്രമണങ്ങൾ അവിടെ കൂടിവരികയാണ്. പാകിസ്ഥാനിൽ മതമൗലികവാദികളുടെ ആക്രമണങ്ങൾക്ക് മുന്നിൽ നിയമവ്യവസ്ഥയും പോലീസും നോക്കുകുത്തികളാകുകയാണെന്നും സിർസ പറയുന്നു. കോടതിയ്‌ക്ക് മുന്നിൽ നിന്നും ഒരു പെൺകുട്ടി അനുഭവിക്കേണ്ടിവന്ന അവസ്ഥയാണ് സിർസ വിവരിക്കുന്നത്.
ഒരു പെൺകുട്ടിയെ മുസ്ലീം പുരുഷന്മാർ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങൾ അദ്ദേഹം പങ്കുവെച്ചു. നടുറോഡിൽ പെൺകുട്ടി നിലവിളിച്ച് കരയുന്നതും യുവാക്കൾ പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. പോലീസ് ഇതെല്ലാം നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും നിർബന്ധിതമായി ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഹരിയൻ മേഘ്‌വാർ എന്ന യുവതിയെയാണ് യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയത്. 19 വയസ്സ് പ്രായം മാത്രമാണ് കുട്ടിയ്‌ക്കുള്ളത്. സംഭവത്തിൽ ഹിന്ദുക്കളുടെ പ്രതിഷേധം ശക്തമായതോടെ പെൺകുട്ടിയുടെ താത്പര്യ പ്രകാരമുള്ള വിവാഹമാണിതെന്ന് പാക് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കളുമായി താൻ സംസാരിച്ചുവെന്നും സിർസ പറയുന്നു. വൃദ്ധനായ പുരുഷനെ കൊണ്ടാണ് തന്റെ മകളെ വിവാഹം കഴിപ്പിച്ചതെന്നും അവൾക്ക് സമ്മതമില്ലാത്ത വിവാഹമാണിതെന്നും മാതാപിതാക്കൾ പറയുന്നു. ഇത് പാകിസ്ഥാനിലെ ഒറ്റപ്പെട്ട സംഭവമല്ല. തന്റെ അറിവിൽ സമീപകാലത്തായി 39 സമാന സംഭവങ്ങൾ നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

