ടോക്കിയോ : ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജപ്പാനിലെ നിഹോൻ ഹിഡാൻക്യോ എന്ന സന്നദ്ധ സംഘടനയ്ക്ക്. ഹിരോഷിമ നാഗസാക്കി ഇരകളുടെ കൂട്ടായ്മയാണ് നിഹോൻ ഹിഡോൻക്യോ. ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതിന്റെ 80ആം വാർഷികം വരാനിരിക്കേ ആണ് പുരസ്കാരം സംഘടനയ്ക്ക് ലഭിച്ചിരിക്കുന്നത്. 1956ലാണ് നിഹോൻ ഹിഡാൻക്യോ രൂപീകൃതമാകുന്നത്.
ഹിബാകുഷ എന്നും ഈ സംഘടന അറിയപ്പെടുന്നു. അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ കാമ്പെയ്നുകള്‍ സൃഷ്ടിച്ചും, ആണവായുധങ്ങളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടും ലോകമെമ്പാടും ആണവായുധങ്ങള്‍ക്കെതിരെ വ്യാപകമായ എതിര്‍പ്പ് സൃഷ്ടിക്കാനും ഏകീകരിക്കാനും ഹിബാകുഷ വലിയ പങ്കുവഹിച്ചെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.
ആണവായുധങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങളും കഷ്ടപ്പാടുകളും എങ്ങനെയാകുമെന്ന് മനസ്സിലാക്കാനും സംഘടനയുടെ പ്രവർത്തനങ്ങൾ ആഗോളതലത്തില്‍ ലോകത്തെ സഹായിക്കുന്നുവെന്നും കമ്മിറ്റി വ്യക്തമാക്കി .

