ഇന്ന് ഡിസംബർ 16. ഒരു ജനതയെ സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കും നയിച്ച യുദ്ധവിജയത്തിന് ഇന്ന് 50വയസ്സ് തികയുകയാണ് (Vijay Dibos 2021). ഇതോടനുബന്ധിച്ച് രാജ്യം ഇന്ന് മഹത്തായ വിജയദിവസത്തിന്റെ സുവർണ ജയന്തി അഥവാ “സ്വർണിം വിജയ് ദിവസ്” കൊണ്ടാടുകയാണ്. 1971 ഡിസംബർ 16ന് ഇന്ത്യൻ സേനയുടെ കരുത്ത് ശരിക്കും പാകിസ്ഥാൻ തിരിച്ചറിഞ്ഞ ദിവസം കൂടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം ഭയപ്പാടാടെ നോക്കിക്കണ്ട യുദ്ധം കൂടിയായിരുന്നു 1971ലെ ഇന്ത്യ – പാകിസ്ഥാൻ യുദ്ധം.

1971 ഡിസംബർ മൂന്ന് മുതൽ 16 വരെ നീണ്ടുനിന്ന ഈ യുദ്ധമാണ് ബംഗ്ലാദേശ് എന്ന രാജ്യത്തിൻ്റെ പിറവിക്ക് കാരണമായതെന്ന കാര്യം ഇന്ത്യക്ക് അഭിമാനിക്കാവുന്നതാണ്. പാക് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ജീവത്യാഗം വരിച്ച ഇന്ത്യൻ സൈനികരെ ഓർക്കാനുള്ള ദിവസം കൂടിയാണ് ഡിസംബർ 16 എന്ന ‘വിജയ് ദിവസ്’. ഇന്ത്യക്കൊപ്പം ബംഗ്ലാദേശും ഇതേ ദിവസം ‘വിജയ് ദിവസ്’ ആയി ആഘോഷിക്കുന്നുണ്ട്. ഇന്ത്യ – പാക് വിഭജനത്തിന് ശേഷം കിഴക്കൻ മേഖലയിൽ പാക് ഭരണകൂടത്തിനെതിരെ ശക്തമായ ജനവികാരം പ്രക്ഷോഭത്തിലേക്ക് നീങ്ങിയതാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിലേക്ക് വഴിച്ചത്.
1971 മാർച്ച് മുതലാണ് പാക് സർക്കാരിനെതിരെ കിഴക്ക പാകിസ്ഥാനിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധം നടത്തിയവർക്കെതിരെ പാക് സൈന്യം തിരിഞ്ഞതോടെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിഷയത്തിൽ പ്രതികരണം നടത്തിയെങ്കിലും അനുകൂല സാഹചര്യം ഉണ്ടാകാതെ വന്നതോടെ ഇന്ത്യൻ സൈന്യം ഡിസംബ മൂന്നിന് പാകിസ്ഥാനുമായി തുറന്ന യുദ്ധത്തിലേക്ക് കടന്നു. പാകിസ്ഥാൻ സൈന്യത്തിൻ്റെ നീക്കങ്ങൾ ഇന്ത്യൻ പട്ടാളം തകർത്തതോടെ കിഴക്കൻ മേഖലയിൽ നിയന്ത്രണങ്ങൾ നിലനിർത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായി.
ഗറില്ല ഓപ്പറേഷനിലൂടെ സൈനിക നീക്കം ആരംഭിച്ച ഇന്ത്യ 1971 ഡിസംബർ മൂന്നിന് നേരിട്ടുള്ള സൈനിക ഇടപെടൽ ശക്തമാക്കി. 1971 ഡിസംബർ മൂന്നിന് ഇന്ത്യയുടെ പതിനൊന്ന് എയർബേസുകൾ പാകിസ്ഥാൻ ആരംഭിച്ചതോടെയാണ് ഇന്ത്യ തുറന്ന പോരിനിറങ്ങിയത്. കര-നാവിക-വ്യോമ സേനകള്‍ സംയുക്തമായി തിരിച്ചടിച്ചതോടെ പാക് സൈന്യം പിന്തിരിയാൻ ആരംഭിച്ചു. ജനറല്‍ ജഗ്ജിത് സിങ് അറോറയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സൈന്യം ശക്തമായ ഏറ്റുമുട്ടൽ നടത്തിയതോടെ യുദ്ധം അവസാനിപ്പിക്കേണ്ട സമ്മർദ്ദം പാക് ഭരണകൂടത്തിന് മേൽ ശക്തമായി. വിദേശ രാജ്യങ്ങളിൽ നിന്നുണ്ടായ സമ്മർദ്ദവും പാകിസ്ഥാന് മേലുണ്ടായതോടെ 1971 ഡിസംബർ 16ന് പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അമീർ അബ്ദുല്ല ഖാൻ നിയാസിയും 93,000 സൈനികരും ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

1971 ഡിസംബർ മൂന്ന് മുതൽ 16ന് ധാക്ക കീഴടങ്ങുന്നതുവരെയാണ് യുദ്ധം നീണ്ട് നിന്നത്. ദിവസങ്ങൾ മാത്രം നീണ്ടുനിന്ന യുദ്ധത്തിൽ പടിഞ്ഞാറൻ പാകിസ്ഥാനിലെ 15,010 കിലോമീറ്റർ പ്രദേശം ഇന്ത്യൻ സേന പിടിച്ചെടുത്തു. യുദ്ധം അവസാനിച്ചതിന് പിന്നാലെ ബംഗ്ലാദേശ് എന്ന രാജ്യം നിലവിൽ വരുകയും ചെയ്തു. 1971ലെ ഇന്ത്യ – പാകിസ്ഥാൻ യുദ്ധത്തിനിടെ 90 ലക്ഷത്തോളം അഭയാര്‍ത്ഥികൾ ഇന്ത്യയിലെത്തിയെന്നാണ് റിപ്പോർട്ട്. യുദ്ധത്തില്‍ ബംഗ്ലാദേശിലെ 30 ലക്ഷം സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുകയും നിരവധി സ്ത്രീകൾ പീഡനങ്ങൾക്ക് ഇരയാകുകയും ചെയ്തു. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇന്ത്യയിലുടനീളം വിജയ് ദിവസിന്റെ വാർഷികം ആചരിക്കുന്നുണ്ട്. രാജ്യതലസ്ഥാനമായ ദില്ലിയിലെ ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിലാണ് വാർഷികം ആചരിക്കുന്നത്.

