Saturday, January 3, 2026

മഴക്കെടുതി: സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധി

സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യതയുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ മുതല്‍ ശനിയാഴ്ച വരെ അവധിയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. മറ്റെന്നാള്‍ മുതല്‍ വെള്ളിവരെ കൈറ്റ് വിക്ടേഴ്‌സില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഉണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അതേസമയം മൂന്ന് ദിവസങ്ങളിലും ശനി മുതല്‍ തിങ്കള്‍ വരെയുള്ള ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ശനിയാഴ്ചക്ക് ശേഷമുള്ള ടൈംടേബിള്‍ പിന്നീട് അറിയിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാന്‍ സര്‍വകലാശാലകള്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ഒക്ടോബർ 20നു നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി കേരള ആരോഗ്യ സർവകലാശാല അറിയിച്ചിരുന്നു.

വരും ദിവസങ്ങളില്‍ മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ ജാഗ്രത തുടരുകയാണ്. നാളെ 11 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Latest Articles