Monday, June 17, 2024
spot_img

പുതിയ ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി- രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ ഒരു വിട്ടു വീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനം അതേപടി നടപ്പാക്കുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരരായ മാവോയിസ്റ്റുകളെ ഒതുക്കലാണെന്ന് അടുത്ത നടപടിയെന്നും അമിത് ഷാ സൂചന നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയില്‍ ഇടത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തെ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന ഉന്നതതലയോഗത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം.

അവികസിതമേഖലയില്‍ വികസനം തടയുകയാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യം. ജനങ്ങളെ അജ്ഞരാക്കി നിലനിര്‍ത്തി തെറ്റായ വഴിയിലൂടെ നയിക്കുകയാണവരുടെ ഉദ്ദേശ്യം. പുതിയ ഇന്ത്യയില്‍ എല്ലായിടത്തും ഒരുപോലെ വികസനമെത്തിക്കുന്നതിന് അവരെ ഉന്മൂലനം ചെയ്യേണ്ടിയിരിക്കുന്നു. കേന്ദ്രമന്ത്രിമാരും മാവോ ബാധിതപ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

2009 നും 2013 നുമിടയില്‍ 8,782 മാവോവാദി ആക്രമണങ്ങള്‍ രാജ്യത്ത് നടന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014 നും 2018നുമിടയില്‍ ഇത് 4,969 ആയി കുറഞ്ഞു. മാവോവാദി ആക്രമണങ്ങളില്‍ 43.4 ശതമാനമാണ് കുറവുണ്ടായത്. 2009 – 13ല്‍ സുരക്ഷാ സൈനികരടക്കം 3,326 പേര്‍ക്ക് മാവോവാദി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍ 2014 -18 കാലത്ത് 1321 പേര്‍ മാത്രമാണ് മരിച്ചത്.

മാവോവാദികളെ ഉന്മൂലനം ചെയ്യാനുള്ള തീരുമാനത്തെ എല്ലാ മുഖ്യമന്ത്രിമാരും പിന്തുണച്ചു. ജനാധിപത്യാശയങ്ങള്‍ക്കു വിരുദ്ധരായ മാവോയിസ്റ്റുകളുടെ വേരറുക്കുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിജ്ഞാബദ്ധരാണെന്ന് യോഗത്തിനു പിന്നാലെ അമിത് ഷാ ട്വിറ്ററിലും കുറിച്ചു.

Related Articles

Latest Articles