വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ആരംഭിച്ച ബന്ദികൈമാറ്റം ഗാസയിൽ പുരോഗമിക്കുകയാണ്. അതിനിടെ സ്വവർഗാനുരാഗികളായ സംഘാംഗങ്ങളെ ഹമാസ് നേതൃത്വം തൂക്കിക്കൊന്നു എന്ന റിപ്പോർട്ട് കൂടി പുറത്തു വന്നിരിക്കുകയാണ്. ഹമാസിന്റെ ചില രഹസ്യരേഖകൾ ചോർന്നതോടെയാണ് ഇക്കാര്യം പുറത്തായത്.
അതിർത്തിവേലികൾ തകർത്ത് 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ ആക്രമണത്തിന് തടവിലാക്കിയ നിരവധി ഇസ്രായേലി പുരുഷന്മാരെ, അനേകം ഹമാസ് അംഗങ്ങൾ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് വിവരം. പിന്നാലെ സ്വവർഗരതിയിലേർപ്പെട്ട അംഗങ്ങളുടെ വിവരശേഖരണവും ഹമാസ് നടത്തി. ഇവരെയാണ് വിചാരണകൾക്ക് പോലും കാത്തുനിൽക്കാതെ കൊന്നുതള്ളിയത്.
ഗാസയിൽ നിയമവിരുദ്ധമാണ് സ്വർഗാനുരാഗം. ഈ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് തടവുശിക്ഷയോ വധശിക്ഷയോ ആണ് നൽകിവരാറുള്ളത്. അപ്പോഴാണ് പലസ്തീനിന്റെ സ്വാതന്ത്ര്യപോരാളികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന തങ്ങൾക്കിടയിൽ നിന്നും പീഡകർ സജീവമായതായി ഹമാസ് കണ്ടെത്തിയത്.ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെട്ട 94 അംഗങ്ങളുടെ പട്ടികയാണ് ഹമാസിന്റെ പക്കലുണ്ടായിരുന്നത്. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളിൽ ഏർപ്പെട്ടു, നിയമപരമായ ബന്ധമില്ലാതെ പെൺകുട്ടികളുമായി സല്ലപിച്ചു, പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, ദൈവത്തെ ശപിച്ചു, ഫേസ്ബുക്കിലൂടെ പ്രണയബന്ധങ്ങളിൽ ഏർപ്പെട്ടു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ആരോപണങ്ങളും റിപ്പോർട്ടിലുണ്ട്.

