ബെംഗളൂരു: റീ-യൂസബിൾ ലോഞ്ച് വെഹിക്കിളിന്റെ (ആർഎൽവി) വിക്ഷേപണം വിജയകരം. രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം. കർണാടകയിലെ ചിത്രദുർഗ്ഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു പുഷ്പക് എന്ന് പേരിട്ടിരിക്കുന്നതിന്റെ രണ്ടാം ലാൻഡിംഗ് പരീക്ഷണം. ചിനൂക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ താഴേക്കിട്ടു. പേടകം സ്വയം ദിശ മാറ്റി ലാൻഡ് ചെയ്തു.
സങ്കീർണമായ സാഹചര്യങ്ങളിൽ റോക്കറ്റിന്റെ റോബോട്ടിക് ലാൻഡിംഗ് കഴിവ് പരിശോധിക്കുന്നതിന്റെ ഭാഗമാണ് ഇന്നത്തെ പരീക്ഷണത്തിന്റെ ലക്ഷ്യം. വിമാനത്തിന് സമാനമായ രീതിയിലാണ് പുഷ്പക് റോക്കറ്റിന്റെ ഘടന. 6.5 മീറ്റർ നീളവും 1.75 ടൺ ഭാരമുണ്ട് ഇതിന്. കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർഎൽവി ലാൻഡിങ്ങ് പരീക്ഷണം നടന്നത്.
ഭാവിയുടെ പ്രതീക്ഷയാണ് പുഷ്പകെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് പറഞ്ഞു. റോക്കറ്റിന്റെ ഏറ്റവും വിലയേറിയ ഭാഗമായ മുകൾ ഭാഗം അതായത്, ഇലക്ട്രിക് ഉപകരണങ്ങളും മറ്റ് നിർണായ ഘടകങ്ങളും ഉൾക്കൊള്ളുന്ന ഭാഗം ഭൂമിയിലെത്തിച്ച് പുനരുപയോഗിക്കുകയാണ് ലക്ഷ്യം. ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്‌ക്കാൻ പോലും ഇതുവഴി സാധിക്കും. ബഹിരാകാശ മാലിന്യം കുറയ്‌ക്കുന്നതിലും ഇത് നിർണായക പങ്ക് വഹിക്കുമെന്ന് ഇസ്രോ വ്യക്തമാക്കി.

