തിരുവനന്തപുരം:തമ്പാനൂരിൽ സിറ്റി ഹോട്ടലിൽ നടന്ന കൊലപാതക കേസിൽ പ്രതിയെ പിടികൂടി. നെടുമങ്ങാട് കല്ലിയോട് കൊല്ലായില്‍ അജീഷ് ഭവനില്‍ അജേഷ് (36) ആണ് അറസ്റ്റിലായത്. ഇയാള്‍ പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്നാണ് വിവരം. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനെ അജേഷ് മാരകായുധവുമായെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് മാസം മുമ്പ് ലോഡ്ജിലെ ജീവനക്കാരനുമായി വാക്കുതര്‍ക്കം ഉണ്ടായതായി പറയപ്പെടുന്നു. ഇയാൾ പല ക്രിമിനൽ കേസുകളിലും പ്രതിയാണ്. കൊലപാതകം നടന്ന സമയത്ത് ഇയാള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. നെടുമങ്ങാട് എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തലസ്ഥാന നഗരിയിൽ പോലീസിന്റെ മൂക്കിൻ തുമ്പത്ത്, പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ജനം രോക്ഷാകുലരാണ്. തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം വർധിച്ച് വരുന്നതായും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

