Monday, October 5, 2026

സ്കൂട്ടർ യാത്രക്കിടെ വീട്ടമ്മയ്ക്ക് നേരെ ആക്രമണം; കൈക്കും തലക്കും പരിക്ക്; അന്വേഷണം ആരംഭിച്ചു

കൊടുങ്ങല്ലൂർ:തൃശൂർ എറിയാട് സ്കൂട്ടർ യാത്രക്കിടെ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് അക്രമത്തിനിരയായത്. വ്യാഴാഴ്ച രാത്രി എട്ടിന് എറിയാട് കേരള വർമ്മ സ്കൂളിന് സമീപമുള്ള വസ്ത്രാലയം അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി ആക്രമണം നടത്തുകയായിരുന്നു. കൈക്കും തലക്കും മറ്റും പരിക്കേറ്റ റിൻസിയെ കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ. മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് പിന്നാലെ അതുവഴി വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതിനെ തുടർന്ന്, അക്രമി രക്ഷപ്പെടുകയായിരുന്നു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപവാസിയായ യുവാവാണ് വെട്ടിയതെന്നാണ് സൂചന. ഇയാൾക്കെതിരെ യുവതി നേരത്തേ പരാതി നൽകിയതിലുള്ള പ്രതികാരമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

Related Articles

Latest Articles