പത്തനംതിട്ട : സംസ്ഥാനത്തെ നടുക്കിക്കൊണ്ട് ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടർന്നുണ്ടായ ആക്രമണത്തിൽ അടൂർ മാരൂരിൽ വീട്ടമ്മ വെട്ടേറ്റുമരിച്ച കേസില്‍ ഒളിവിലായിരുന്ന ഇവരുടെ മക്കളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സൂര്യലാലും ചന്ദ്രലാലും നടത്തിയ ആക്രമണത്തിന്‍റെ പ്രതികാര ആക്രമണത്തിനിടെയായിരുന്നു ഇവരുടെ അമ്മയായ സുജാത കൊല്ലപ്പെട്ടത്. നായകളുമായെത്തി ഇവർ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രദേശത്ത് മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങൾക്കിടയിലുണ്ടായ സംഘർഷമാണു കൊലപാതകത്തിൽ കലാശിച്ചത്. സൂര്യലാൽ കാപ്പാ കേസിൽ പ്രതിയാണ് എന്ന് പോലീസ് വ്യക്തമാക്കി.
മണ്ണെടുപ്പിനെ എതിർത്ത സംഘത്തിൽ ഉൾപ്പെട്ട യുവാവിന്റെ വീട്ടിലേക്ക് പട്ടികളുമായി നടത്തിയ ആക്രമണത്തിൽ ഇയാളുടെ ഒന്നര വയസ്സുള്ള കുട്ടിയെ ഇവർ പട്ടിയെക്കൊണ്ട് കടിപ്പിക്കുകയും തുടർന്ന് കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ഇതോടെയാണ് സംഘർഷം കനത്തത്. തുടർന്ന് ആ സംഘം പ്രതികാരം ചെയ്യുന്നതിനായി സൂര്യ ലാലിനെയും ചന്ദ്ര ലാലിനെയും തിരഞ്ഞു വീട്ടിലെത്തിയപ്പോൾ .ഇവരെകാണാതായതോടെ വീട് ആക്രമിക്കുകയായിരുന്നു. വീട്ടിൽ കെട്ടിയിട്ടിരുന്ന പട്ടിയെ വെട്ടിക്കൊല്ലുകയും ചെയ്തു .ഇത് പ്രതിരോധിക്കുന്നതിനിടെയാണ് സുജാതയ്ക്ക് വെട്ടേൽക്കുന്നത്. തോർത്തുകൊണ്ട് മുഖം മറച്ചാണ് അക്രമികൾ എത്തിയത്.

