Saturday, June 1, 2024
spot_img

വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി; ആഭരണം കവര്‍ന്നശേഷം വഴിയില്‍ത്തള്ളി

നേമം: നേമത്തുനിന്നു സ്ത്രീയെ തട്ടിക്കൊട്ടുപോയി ആഭരണം കവര്‍ന്നശേഷം പൂവച്ചല്‍ കാപ്പിക്കാട് റോഡില്‍ ഉപേക്ഷിച്ചു. നേമം ഇടയ്‌ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പദ്മകുമാരി (52)യെയാണ് മണലുവിള ക്ഷേത്രത്തിനു സമീപത്ത് നിന്നും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

ആഭരണങ്ങള്‍ തട്ടിയെടുത്തശേഷം ഇവരെ രാത്രി എട്ടുമണിയോടെ വഴിയിൽ ഉപേക്ഷിച്ചു. കാട്ടാക്കട പോലീസ് സംഭവസ്ഥലത്തെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പദ്മകുമാരിയെ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുന്നത് ഒരു സ്ത്രീ കണ്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്താകുന്നത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ടെത്തുന്നത്.

കാറിലെത്തിയവര്‍ മലയാളവും തമിഴും സംസാരിക്കുന്ന അഞ്ചുപേരാണെന്ന് വീട്ടമ്മ പറഞ്ഞു. കാര്‍ ഡ്രൈവര്‍ മലയാളവും ബാക്കിയുള്ളവര്‍ തമിഴുമാണ് സംസാരിച്ചത്. നാല്‍പ്പത് പവനോളം നഷ്ടപ്പെട്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ശരീരത്തില്‍നിന്ന് ആഭരണങ്ങള്‍ പ്ലയര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് മുറിച്ചെടുത്തത് എന്ന് അവർ പോലീസിനോട് പറഞ്ഞു. കവര്‍ച്ച തടയാന്‍ ശ്രമിച്ച പദ്മകുമാരിയെ സംഘം മര്‍ദിച്ചു. മര്‍ദനത്തില്‍ പല്ല് നഷ്ടപ്പെട്ടു. നേമം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോൾ ഇവര്‍. നേമത്തുള്ള ബന്ധുവിന്റെ ആധാരമെഴുത്ത് ഓഫീസില്‍ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവം. രാവിലെമുതല്‍ സംഘം കാറില്‍ പ്രദേശങ്ങളില്‍ കറങ്ങിയിരുന്നതായി സംശയിക്കുന്നു.

Related Articles

Latest Articles