Monday, January 5, 2026

കാര്യമായി എടുക്കണം ബിസിനസ് ബ്ലോഗിങ്

ബിസിനസ് ബ്ലോഗില്‍ അത്ര കാര്യമുണ്ടോ ? ഉണ്ട്. വളരെ നിര്‍ണായകമാണ് ബിസിനസ് ബ്ലോഗ്. ഇന്ന് ആഗോള -ദേശീയ സാന്നിധ്യമുള്ള മിക്ക സ്ഥാപനങ്ങളും ഒരു മികച്ച ആശയവിനിമയ ജാലകമായി ബ്ലോഗിനെ കണക്കുന്നു. എന്നാല്‍ നമ്മള്‍ പത്രക്കുറിപ്പുകള്‍ നിക്ഷേപിക്കുന്നതിനുളള ഇടമായാണ് ബിസിനസ് ബ്ലോഗിനെ സമീപിക്കുന്നത്. അതിനുമപ്പുറമാണ് ഓരോ സ്ഥാപനത്തിന്റെയും ബ്ലോഗ്.

സ്ഥാപനത്തിന്റെ വളര്‍ച്ചയെയും വിപണിയെയും പ്രതിപാദിക്കുന്നതെന്തും ബ്ലോഗില്‍ എഴുതണം. പുതിയ ഉല്‍പ്പന്നവും സേവനവും നിലവിലെ മാറ്റം വരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, ഭാവി കാര്യങ്ങള്‍,സിഎസ്ആര്‍ എന്നിങ്ങനെ എല്ലാം ഉള്‍പ്പെടുത്താം. ടാര്‍ഗറ്റ് ഓഡിയന്‍സിനെ മുന്നില്‍ കണ്ടുകൊണ്ടാണ് ബ്ലോഗ് എഴുതേണ്ടത്. ഭാഷയിലും വിവരണത്തിലുമെല്ലാം ഈ ഓര്‍മ വേണം. മികച്ച തലക്കെട്ട് നിര്‍ബന്ധമാണ്. പുതിയ കാര്യങ്ങള്‍ പറഞ്ഞവതരിപ്പിക്കുന്ന പോസ്റ്റാണെങ്കില്‍ അവസാനം അത് എവിടെ നിന്നും ലഭിക്കുമെന്നും ഓണ്‍ലൈനില്‍ ലഭ്യമാണെങ്കില്‍ ലിങ്കോ ഓഫീസ് നമ്പറോ ചേര്‍ക്കാന്‍ മറക്കരുത്.

ബ്ലോഗെഴുതിയാല്‍ കാര്യം കഴിഞ്ഞെന്ന് ധരിക്കരുത്. സംശയങ്ങളും അഭിപ്രായങ്ങളുമായി ഉപഭോക്താക്കളോ വായനക്കാരോ വരും. അവര്‍ക്ക് വ്യക്തമായ മറുപടികള്‍ നല്കണം. അതേസമയം പ്രതികൂലിക്കുന്നവരും എത്തിയെന്നിരിക്കാം. അവരെ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നിടത്താണ് വിജയം. തെറ്റായ വിമര്‍ശനം ഉന്നയിച്ചാല്‍ അത് തിരുത്തി നല്കാനും ഇനി പിഴവ് തന്നെയാണ് ചൂണ്ടിക്കാണിച്ചതെങ്കില്‍ ബുദ്ധിപൂര്‍വ്വം അത് കൈകാര്യം ചെയ്യുകയും വേണം.

ബ്ലോഗെഴുത്തുകള്‍ വലിച്ച് നീട്ടാതെ ചുരുക്കം വാക്യങ്ങളില്‍ ഒതുക്കുന്നതായിരിക്കും നല്ലത്. നീട്ടി വലിച്ചെഴുത്തുകള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. ബ്ലോഗില്‍ ഉപയോക്താക്കളുടെ നല്ല കുറിപ്പുകള്‍, സ്ഥിതിവിവരക്കണക്കുകള്‍, അതാത് മേഖലയില്‍ വിദഗ്ധരുടെ അഭിപ്രായം എന്നിവയെല്ലാം ചേര്‍ക്കുന്നത് സ്ഥാപനത്തിന് ഗുണം ചെയ്യും.

Related Articles

Latest Articles