Monday, December 22, 2025

സങ്കീര്‍ണതകളില്ലാത്ത ക്ലബ് സോഡാ നിര്‍മാണം; പ്രതിമാസവരുമാനം ഒരുലക്ഷം രൂപ

കേരളത്തില്‍ മികച്ച വിപണിയുള്ള സംരംഭമാണ് സോഡാ നിര്‍മാണം. മദ്യ നിരോധനത്തെ തുടര്‍ന്ന് ചെറിയ രീതിയില്‍ പിന്നോട്ട് പോയെങ്കിലും സോഡാ വിപണി ഇന്ന് അപ്രതീക്ഷിതമാം വിധം തിരിച്ചു വന്നിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ വലിയ ലാഭം നേടിത്തരുന്ന സംരംഭം കൂടിയാണ് ക്ലബ് സോഡാ നിര്‍മാണം. വേനല്‍കാലം എത്തുന്നതോടെ വിപണി സാധ്യത വര്‍ധിക്കുകയും ചെയ്യും. നിര്‍മാണത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമായ ശുദ്ധജലം ലഭ്യമായാല്‍ വലിയ സാധ്യതയും ഇതിലുണ്ട്.

വേനലിലും വറ്റാത്ത കിണര്‍ ഉള്ളിടത്ത് പ്ലാന്റ് സ്ഥാപിക്കുക എന്നതാണ് അടിസ്ഥാന ഘടകം. അത്തരം ഒരിടം കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാസം 1ലക്ഷം രൂപവരെ ഈ മാര്‍ഗത്തില്‍ പണം സമ്പാദിക്കാന്‍ കഴിയും.

സങ്കീര്‍ണമായ വലിയ യന്ത്രങ്ങള്‍ ഇതിന് ആവശ്യമില്ല. 1000 സ്‌കൊയര്‍ ഫീറ്റില്‍ ഇതിന്റെ പ്ലാന്റ് സ്ഥാപിക്കാവുന്നതാണ്. സ്ഥലം വാഹനങ്ങള്‍ കയറി വരുന്നതാണോ എന്നതും പ്രധാനമാണ്.

വെള്ളം ശുദ്ധീകരിക്കുന്ന UV Treatment plant ആദ്യം സ്ഥാപിക്കേണ്ടതാണ്. വെള്ളത്തിന്റെ ഗുണനിലവാരം പദ്ധതിക്ക് ഏറെ ഗുണകരമാണ്. വാട്ടര്‍ ഫില്‍റ്റര്‍ സംവിധാനം, മിനി ചില്ലിംഗ് യൂണിറ്റ്, ബോട്ടില്‍ ഫില്ലിംഗ് മെഷീന്‍, ഗ്യാസ് സിലിണ്ടര്‍ മെഷീന്‍ എന്നിവയാണ് പ്രാഥമികമായും ഇതിന് ആവശ്യം. വിതരണത്തിനായി ഒരു ഓട്ടോ റിക്ഷയും അടിസ്ഥാന കാര്യമാണ്.

ചില്ലു കുപ്പികളാണ് ധാരളമായി നേരത്തെ ഉപയോഗിച്ചിരുന്നതെങ്കിലും പ്ലാസ്റ്റിക് കുപ്പികളും ഇന്ന് ഉപയോഗിച്ച് വരുന്നുണ്ട്. ചില്ലു കുപ്പികള്‍ പണച്ചിലവേറിയതാണ് എങ്കിലും ഇവ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ കഴിയും എന്നത് വലിയ പ്രത്യേകതയാണ്. അതേസമയം, ചില്ലുകുപ്പികള്‍ ഒരോ തവണയും കഴുകേണ്ടി വരുന്നതും ഗ്യാസ് നിറക്കുന്ന സമയത്ത കുപ്പി പൊട്ടുന്നതും പോരായ്മയായി കാണേണ്ടതാണ്. കുറഞ്ഞ പ്രദേശത്തേക്കുള്ള വിതരണത്തിന് മാത്രമേ ഇത്തരം കുപ്പികള്‍ ഉപയോഗിക്കാന്‍ കഴിയുകയുമുള്ളു. കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ ചില്ലുകുപ്പികള്‍ ഉപയോഗിക്കാവുന്നതുമാണ്.

ദൂരെ സ്ഥലങ്ങളിലും പണം കടമായി വരാത്തിടത്തും പ്ലാസ്റ്റിക് കുപ്പികളാണ് ലാഭകരം. 600ml, 1500ml എന്നീ അളവുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ലഭ്യമാണ് എന്നത് പ്രയോജനകരവുമാണ്. 1500ml ബോട്ടിലുകളാണ് ഏറ്റവും ലാഭകരം.

ക്ലബ് സോഡ നിര്‍മിക്കുന്നതിനാവശ്യമായ മെഷീനുകള്‍ കോയമ്പത്തൂരില്‍ സുലഭമായി ലഭ്യമാണ്. മത്സരമുള്ള വിപണിയാണെങ്കിലും വലിയ സാധ്യത ഈ മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എല്ലാ മെഷീനുകളും സ്ഥാപിച്ച് ഒരു ചെറുകിട പെറ്റ് ബോട്ടില്‍ പ്ലാന്റ് തുടങ്ങാന്‍ ഏകദേശം രണ്ടര ലക്ഷം രൂപക്കടുത്ത് മുതല്‍ മുടക്ക് വരുന്നുണ്ട്.

600ml കുപ്പിയില്‍ എല്ലാ ചിലവുകളും കഴിച്ച് 1.5രൂപ ലാഭം ലഭിക്കും. ദിവസം 1500 ബോട്ടില്‍ നിര്‍മിക്കാനായാല്‍ 2250 രൂപ ലാഭം ലഭിക്കും. അതായത് 67,500രൂപയോളം മാസം ലഭിക്കും. 1500ml ബോട്ടിലില്‍ നിന്ന് മിനിമം 5രൂപയെങ്കിലും ലാഭം ലഭിക്കും. ദിവസം 250 ബോട്ടില്‍ നിര്‍മിക്കാനായാല്‍ 1250 രൂപ ദിവസം ലാഭം നേടാന്‍ കഴിയും. ഇപ്പോള്‍ സോഡാ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടുള്ളതിനാല്‍ വരുമാനത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനും കഴിയും.

പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും ഈ വ്യവസായത്തില്‍ ഇന്ന് സജീവമായുണ്ട്. സോഫ്റ്റ് ഡ്രിങ്ക്‌സ്, മറ്റിതരം പാനിയങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ ലാഭം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയും.

Related Articles

Latest Articles