Tuesday, May 21, 2024
spot_img

സംരംഭകരാണോ? 25 ലക്ഷം രൂപവരെ വായ്പ ലഭിക്കാന്‍ കേന്ദ്ര പദ്ധതി, അറിയാം അപേക്ഷിക്കാം


കോവിഡ് പ്രതിസന്ധി സാമ്പത്തിക മേഖലയെ ആകെ തകിടം മറിച്ച് മുന്നേറുകയാണ്. രാജ്യത്ത് കച്ചവട വാണിജ്യ വ്യാപാരമേഖലകളിലും വന്‍ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ സാധാരണക്കാര്‍ക്ക് ഈ പ്രതിസന്ധിയില്‍ നിന്നൊക്കെ ഒന്ന് പിടിച്ചുകയറണമെങ്കില്‍ സാമ്പത്തികമായി ഒരു പിന്തുണ അത്യാവശ്യമാണ് . അത്തരം ഊര്‍ജ്ജസ്വലരായ പൗരന്മാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വിവിധ സ്‌കീമുകളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

ചെറുകിട സംരംഭകരെ വളര്‍ത്തിയെടുക്കുന്നതിലൂടെ സ്വയം തൊഴില്‍ മേഖല ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിസന്ധിയില്‍ സംഭവിച്ച തൊഴില്‍ നഷ്ടത്തിന് ഒരു പരിഹാരമെന്നോണം പ്രായഭേദമന്യേ പരീക്ഷിക്കാവുന്ന ഒരു വായ്പാ പദ്ധതിയാണ്് പരിചയപ്പെടുത്തുന്നത്. കേന്ദ്ര സൂക്ഷമ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം വിഭാവനം ചെയ്ത പിഎംഇജിപി വായ്പയെ കുറിച്ചാണ് ഇവിടെ പറയുന്നത്. വായ്പക്കൊപ്പം സബ്‌സിഡി കൂടി ഗുണഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്ന പിഎംഇജിപി ആര്‍ക്കൊക്കെ ലഭിക്കുമെന്നതാണ് ആദ്യം അറിയേണ്ടത്.

പിഎംഇജിപി വായ്പാ പദ്ധതി ആര്‍ക്കൊക്കെ?
പുതിയ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും സഹകരണ സംഘങ്ങള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും എന്തിന് ഏറെ പറയുന്നു ചാരിറ്റബിള്‍ ട്രസ്റ്റിന് പോലും ഈ വായ്പാ ലഭിക്കും.സിറ്റി ഏരിയകളിലെ അപേക്ഷകരാണ് നിങ്ങളെങ്കില്‍ ജില്ലാ വ്യവസായ കേന്ദ്രമാണ് കാര്യങ്ങള്‍ പരിശോധിക്കുക. ഗ്രാമപ്രദേശങ്ങളിലെ അപേക്ഷകര്‍ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിനെയാണ് സമീപിക്കേണ്ടത്. പദ്ധതിയ്ക്കായി അപേക്ഷിക്കേണ്ടവരുടെ യോഗ്യതകളാണ് അടുത്തതായി പറയുന്നത്. പതിനെട്ട് വയസ് പൂര്‍ത്തിയായ ഏതൊരു പൗരനും അപേക്ഷിക്കാം. പരമാവധി പ്രായപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ജീവനോപാധി കണ്ടെത്താന്‍ സ്വയം സംരംഭകരാകാന്‍ അവസരം നല്‍കുന്നതാണ് പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം. മറ്റ് വായ്പകളെ പോലെ അപേക്ഷകന്റെ വരുമാനത്തിന്റെ കാര്യത്തില്‍ ഈ സ്‌കീമിന് നിബന്ധനകളില്ല. എന്നാല്‍ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഉല്‍പ്പന്ന നിര്‍മാണ സംരംഭങ്ങളിലും അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സേവന സംരംഭങ്ങളിലും അപേക്ഷകന്‍ എട്ടാം ക്ലാസ് വിദ്യാഭ്യാസമെങ്കിലും യോഗ്യതയായി ഉണ്ടായിരിക്കണം.

സവിശേഷതകള്‍

ഇനി ഈ സ്‌കീമിന്റെ സവിശേഷതകള്‍ എന്തൊക്കെയാണെന്നാണ് അറിയേണ്ടത്.ഉല്‍പ്പന്ന നിര്‍മാണ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപയാണ് നല്‍കുക. സേവന സംരംഭങ്ങള്‍ക്ക് പരമാവധി പത്ത് ലക്ഷം രൂപയാണ് പരമാവധി പദ്ധതി ചെലവായി നിശ്ചയിച്ചത്. സാധാരണ വിഭാഗത്തില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ പദ്ധതി അടങ്കലിന്റെ പത്ത് ശതമാനം സ്വന്തം മുതല്‍മുടക്കായി കണ്ടെത്തണം. പ്രത്യേക വിഭാഗങ്ങള്‍ക്ക് സ്വന്തം നിക്ഷേപം അഞ്ച് ശതമാനം മാത്രം മതി.മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷമാണ് വായ്പാ കാലാവധി.
ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍, ഖനി വിഭവ വ്യവസായങ്ങള്‍, ധാതു വ്യവസായങ്ങള്‍, നാരുല്‍പന്ന വ്യവസായങ്ങള്‍ തുടങ്ങിയവ നിര്‍മാണ മേഖലയിലെയും ടെക്സ്റ്റൈല്‍ അടക്കമുള്ള സംരംഭങ്ങള്‍ സേവന സംരംഭങ്ങളും പിഎംഇജിപിയില്‍ ഉള്‍പ്പെടുന്നു.

അപേക്ഷിക്കേണ്ടത് എങ്ങിനെ

ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മീഷന്‍,ഡിഐസി,എംഎസ്എംഇ മന്ത്രാലം എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ സ്‌കീമിലൂടെ വായ്പ സ്വന്തമാക്കി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും സംരംഭക വികസന പ്രോഗ്രാം പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. പതിനൊന്ന് ദിവസമാണ് ട്രെയിനിങ് പ്രോഗ്രാം. ആദ്യഘട്ട വായ്പ ലഭിച്ച് സംരംഭം ആരംഭിച്ച ശേഷം വായ്പ തുക മുഴുവന്‍ തിരിച്ചടച്ച സംരംഭകര്‍ക്ക് സ്ഥാപനം വിപുലപ്പെടുത്താന്‍ രണ്ടാംഘട്ട വായ്പയും സബ്‌സിഡിയും സര്‍ക്കാര്‍ നല്‍കും. ഒരുകോടി രൂപ വരെ പദ്ധതി ചെലവുള്ള സംരംഭകര്‍ക്കാണ് ഇതിന് അര്‍ഹത. പത്ത് ശതമാനം സ്വന്തം നിലയില്‍ തന്നെ അപേക്ഷകര്‍ കണ്ടെത്തുകയും വേണം.പതിനഞ്ച് ലക്ഷം രൂപയാണ് അധിക സബ്‌സിഡി ലഭിക്കു. ആദ്യം വായ്പ എടുത്തതോ അല്ലെങ്കില്‍ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിന്നോ രണ്ടാംഘട്ട വായ്പക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്.

Related Articles

Latest Articles