ഹൂസ്റ്റൺ: ലോകത്തിലെ രണ്ട് വൻ ജനാധിപത്യരാജ്യങ്ങളുടെ സൗഹൃദം വിളിച്ചോതി അരലക്ഷം ഇന്ത്യക്കാർ തിങ്ങിനിറഞ്ഞ ഹൂസ്റ്റണിലെ എൻ ആർ ജി സ്റ്റേഡിയത്തിലെ ഹൗഡി മോദി സംഗമം. വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അത്യുജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. മാർപാപ്പ കഴിഞ്ഞാൽ അമേരിക്കയിൽ ഒരു വിദേശ രാഷ്ട്രനേതാവ് പങ്കെടുക്കുന്ന ഏറ്റവും വലിയ സ്വീകരണ സമ്മേളനമാണിത്. ഇന്ത്യ-അമേരിക്ക സൗഹൃദത്തിന് പുതിയ മാനങ്ങൾ നൽകിക്കൊണ്ട് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മോദിക്കൊപ്പം ഹൂസ്റ്റണിൽ വേദി പങ്കിട്ടു.
ഇന്നലെ ഇന്ത്യൻസമയം രാത്രി ഒൻപതരയോടെയാണ് മോദി ഹൂസ്റ്റണിലെ എൻ ആർ ജി സ്റ്റേഡിയത്തിലെത്തിയത്. 50000 ഇന്ത്യൻവംശജരായ അമേരിക്കക്കാരാണ് ഈ സമയം തങ്ങളുടെ പ്രധാനമന്ത്രിയെ കാണാൻ എൻ ആർ ജി ഫുട്‌ബോൾ സ്റ്റേഡിയത്തിലെത്തിലുണ്ടായത് . പത്തരയോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എത്തിയതോടെ സ്റ്റേഡിയം ആവേശത്തിരയിൽ അമർന്നു. വേദിയിൽ ട്രംപും മോദിയും ആലിംഗനം ചെയ്തു. ആദ്യം അമേരിക്കയുടെയും പിന്നീട് ഇന്ത്യയുടെയും ദേശീയഗാനങ്ങൾ ആലപിച്ചു.
‘ഒരേ സ്വപ്നം, തിളക്കമാർന്ന നാളെ’ എന്ന സന്ദേശവുമായി നടത്തിയ പരിപാടിയിൽ ട്രംപ് നേരിട്ടെത്തിയത് ഇരുരാജ്യങ്ങളുംതമ്മിലുള്ള രാഷ്ട്രീയ, നയതന്ത്ര, വ്യാപാരബന്ധം ശക്തിപ്പെടുമെന്നതിന്റെ വ്യക്തമായ സന്ദേശംകൂടിയായി. അതിഥിയായി ഏതാനും മിനിറ്റുകൾമാത്രം ചടങ്ങിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം വേദിയിലും സദസ്സിലുമായി ചെലവിട്ടു. പരിപാടിയിൽ പങ്കെടുക്കാനായിമാത്രമാണ് ട്രംപ് ഹൂസ്റ്റണിലെത്തിയത്.
മോദിയും ട്രംപും എത്തുന്നതിന് മുൻപ് എട്ട് മണിയോടെ തന്നെ വേദിയിൽ ഒന്നര മണിക്കൂർ നീണ്ട വർണാഭമായ സാംസ്‌കാരിക പരിപാടികൾ തുടങ്ങിയിരുന്നു. 9.30ന് മോദി വേദിയിൽ എത്തിയപ്പോൾ ജനങ്ങൾ കാതടപ്പിക്കുന്ന കരഘോഷം ഉയർത്തിയാണ് സ്വാഗതം ചെയ്തത്. 10.45-നായിരുന്നു സദസ്യർ ഏറെ കാത്തിരുന്ന മോദിയുടെ പ്രസംഗം.
ഇത് ചരിത്ര നിമിഷമാണെന്ന പ്രഖ്യാപനത്തോടെയാണു മോഡിയുടെ പ്രസംഗത്തിനു തുടക്കം. പിന്നീട് ഇന്ത്യയുടെ ഉറ്റചങ്ങാതി വൈറ്റ് ഹൗസിലുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ട്രംപ് ആമുഖം ആവശ്യമില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണെന്നും ഇരു രാജ്യങ്ങളും തമ്മിലുളള സൗഹൃദ ഉയരത്തിലെത്തിയെന്നും വ്യക്തമാക്കി . ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തട്ടെ എന്ന് മോദി ആശംസിച്ചു.
പിന്നീട് മലയാളമുൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലും മോദി പ്രസംഗിച്ചു. ‘ഹൗഡി മോദി (എങ്ങനെയുണ്ട് മോദി) എന്നു ചോദിച്ചാൽ എന്റെ മനസ്സ് ഇങ്ങനെ പറയും: ഭാരത് മേം സബ് അച്ഛാ ഹേ (ഇന്ത്യയിൽ എല്ലാം നന്നായി പോകുന്നു).’ പിന്നീട് മോദി വിവിധ ഇന്ത്യൻ ഭാഷകളിൽ ഇതേ ആശയം ആവർത്തിച്ചു. ‘എല്ലാം സൗഖ്യം’ എന്നു മലയാളത്തിലും പറഞ്ഞു.
നരേന്ദ്രമോദിയുടെ നേതൃത്വപാടവത്തെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ഹൗഡിമോദി പരിപാടിയിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മറുപടി പ്രസംഗം ആരംഭിച്ചത്. പ്രധാനമന്ത്രി മോദി ഇന്ത്യയിലെ ജനങ്ങൾക്കു വേണ്ടി മഹത്തായ പ്രവർത്തനമാണു നടത്തുന്നതെന്ന് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. 300 ദശലക്ഷം ജനങ്ങളെ ദാരിദ്യ്രത്തിൽനിന്നു കൈപിടിച്ചുയർത്തിയ ഇന്ത്യയിലെ മോദി സർക്കാർ അഭിനന്ദനം അർഹിക്കുന്നെന്നും ട്രംപ് പറഞ്ഞു.

