ദില്ലി: ടേക്കോഫിനായി ഒരേ റൺവേയിൽ വന്ന രണ്ട് വിമാനങ്ങൾ അപകടത്തിൽ നിന്ന് ഒഴിവായത് തലനാരിഴക്ക്. ഇന്ത്യയിലേക്കുള്ള രണ്ട് എമിറേറ്റ്സ് വിമാനങ്ങളാണ് ഒരേ റൺവേയിൽ നിന്ന് ഒരേ സമയം ടേക്ക് ഓഫ് ചെയ്യാൻ ഒരുങ്ങിയത്. രണ്ട് വിമാനങ്ങളും ഒരേ റണ്‍വേയിലേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പായി ടേക്ക്ഓഫ് പിന്‍വലിച്ചതിലൂടെ രക്ഷിക്കാനായത് നൂറുകണക്കിന് ജീവനുകളാണ്.
ഇകെ-524 ദുബായി-ഹൈദരാബാദ്, ഇകെ-568 ദുബായി-ബംഗളൂരു വിമാനങ്ങളാണ് ഒരേ റണ്‍വേയില്‍ 9.45ന് ടേക്ക് ഓഫ് ചെയ്യാനിരുന്നത്. ടേക്ക് ഓഫ് ചെയ്യാൻ വേണ്ടി റൺവേയിലേക്ക് തിരിയുമ്പോഴാണ് എതിരേ അതിവേഗത്തിൽ മറ്റൊരു വിമാനം വരുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് എയർ ട്രാഫിക് കൺട്രോളർ (എടിസി) ഇടപെട്ട് ടേക്ക് ഓഫ് മാറ്റി വെക്കുകയായിരുന്നു. നൂറിലധികം ആളുകളാണ് രണ്ട് വിമനാങ്ങളിലുമായി ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് യുഎഇ ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയായ ദി എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടര്‍ (എഎഐഎസ്) അന്വേഷണം ആരംഭിച്ചു.

