Wednesday, September 23, 2026

കൊച്ചി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; തുടർച്ചയായി 5 തവണ മയക്കുമരുന്ന് കടത്തിയ മുരളീധരൻ ഒടുവിൽ പിടിയിലായത് 36 കോടിയുടെ മെഥാക്വിനോളുമായി

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ മലയാളിയായ മുരളീധരൻ നായർ മയക്കുമരുന്ന് കടത്തിയത് അഞ്ച് തവണ. 55 കാരനായ ഇയാൾ 18 കിലോ മെഥോകിനോളുമായാണ് ഒടുവിൽ പിടിയിലായത്. അന്താരാഷ്ട്ര മാർക്കറ്റിൽ 36 കോടി രൂപ വിലമിതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പാലക്കാട് സ്വ​ദേശിയാണ് മുരളീധരൻ നായർ. സിംബാബ്വേയിൽ നിന്ന് ദോഹ വഴിയാണ് ഇയാൾ കൊച്ചിയിലെത്തിയത്. എയർ ഏഷ്യ വിമാനത്തിൽ ദില്ലിയിലേക്ക് പറക്കാനിരിക്കെയാണ് കൊച്ചി എയർപോർട്ട് സുരക്ഷാ വിഭാ​ഗം പിടികൂടിയത്.

ബാ​ഗിന്റെ അടിയിൽ പ്രത്യേകം അറയുണ്ടാക്കി അതിലാണ് 18 കിലോയോളം വരുന്ന മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. എട്ട് പാക്കറ്റുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. ത്രീഡി എം.ആർ.ഐ.’ സ്‌കാനിങ് ഉപകരണമാണ് മയക്കുമരുന്ന് കണ്ടുപിടിക്കാൻ സഹായകമായത്. പിടിച്ചെടുത്ത മയക്കുമരുന്ന് പരിശോധനയ്ക്കായി കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചു.

മുരളീധരൻ നായരിൽ നിന്ന് മയക്കുമരുന്ന് വാങ്ങാൻ ദില്ലി വിമാനത്താവളത്തിൽ കാത്തുനിന്ന് നൈജീരിയൻ യുവതിയും കസ്റ്റംസിന്റെ പിടിയിലായി. ഇവരിൽ നിന്ന് 2.20 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ഇവരെ അന്വേഷണത്തിനായി കൊച്ചിയിലേക്ക് കൊണ്ടുവരും.

Related Articles

Latest Articles