ലഖ്‌നൗ : സ്ത്രീധനമരണക്കേസിൽ ഭർത്താവും മറ്റ് ബന്ധുക്കളും രണ്ട് വർഷമായി വിചാരണ നേരിടുന്നതിനിടെ, മരിച്ചു എന്ന് പറഞ്ഞ 20 വയസ്സുള്ള യുവതിയെ ജീവനോടെ കണ്ടെത്തി.
2023-ൽ ഭർതൃവീട്ടിൽ നിന്ന് കാണാതായ യുവതിയെക്കുറിച്ച് ഒരു വർഷമായിട്ടും ഒരു വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ഒക്ടോബർ 23-ന് പരാതി നൽകിയിരുന്നു. വിപുലമായ തിരച്ചിലുകൾക്കൊടുവിൽ യുവതിയെ കണ്ടെത്താൻ കഴിയാതിരുന്നപ്പോൾ, സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭർത്താവിനും ആറ് ബന്ധുക്കൾക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304ബി (സ്ത്രീധന മരണം) വകുപ്പ് പ്രകാരവും മറ്റ് വകുപ്പുകൾ പ്രകാരവും കേസെടുക്കുകയായിരുന്നു.
രണ്ട് വർഷത്തോളം നീണ്ട കേസിൽ, ഉത്തർപ്രദേശ് പോലീസിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്.ഒ.ജി.) നിരീക്ഷണ ടീമുകളും നടത്തിയ അന്വേഷണത്തിലാണ് യുവതിയെ മധ്യപ്രദേശിൽ നിന്ന് കണ്ടെത്തിയത്.
കാണാതായിട്ട് ഒന്നര വർഷത്തിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും, പിന്നീട് കോടതി നിർദ്ദേശപ്രകാരം ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസെടുത്തതാണെന്നും ഔറയ്യ സർക്കിൾ ഓഫീസർ അശോക് കുമാർ സിംഗ് പറഞ്ഞു. “അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യുവതിയെ മധ്യപ്രദേശിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞത്. ബുധനാഴ്ച അവരെ ഔറയ്യയിൽ തിരിച്ചെത്തിച്ചു. തുടർനടപടികൾ സ്വീകരിച്ചുവരികയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്രയും കാലം യുവതി മധ്യപ്രദേശിൽ എന്തുചെയ്യുകയായിരുന്നു, എന്തുകൊണ്ടാണ് കുടുംബവുമായോ ഭർതൃവീട്ടുകാരുമായോ ബന്ധപ്പെടാൻ ശ്രമിക്കാതിരുന്നത് എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
“യുവതിയുടെ ഈ കണ്ടെത്തൽ കോടതിയിലെ കേസിനെ തീർച്ചയായും ബാധിക്കും,” ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യുവതി നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ നിലവിലുള്ള സ്ത്രീധനമരണ കേസിന്റെ ഭാവി തീരുമാനിക്കപ്പെടുക.

