വയനാട്: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. കൊളത്തറ വാകേരി വി.അബൂബക്കർ സിദ്ദിഖ് ആണ് അറസ്റ്റിലായത്. മകൻ ഒപ്പം കിടന്നുറങ്ങവേയാണ് ഇയാൾ ഭാര്യയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കോഴിക്കോട് കൊളത്തറ സ്വദേശി നിതാ ഷെറിൻ ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ അബൂബക്കർ സിദ്ദിഖ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രിയാണ് സംഭവം. മൈസൂരുവിലേക്കുള്ള വിനോദയാത്രയ്ക്കിടെ രാത്രി വൈകിയാണ് അബൂബക്കർ സിദ്ദീഖും ഭാര്യ നിതയും അവരുടെ രണ്ട് വയസ്സുള്ള കുട്ടിയും ബന്ധുവിന്റെ വീട്ടിൽ എത്തിയത്. ബന്ധു വീടിന്റെ മുകളിലെ മുറിയിൽ ഇവർക്ക് താമസമൊരുക്കി. മുറിയിൽ കയറിയ ശേഷം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും കൊല ചെയ്യുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
കൊല നടത്തിയതിന് ശേഷം സിദ്ദിഖ് കോഴിക്കോടുള്ള സഹോദരൻ വഴി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പോലീസിന്റെ നിഗമനം.

