Thursday, October 8, 2026

ഹൈദരാബാദ് ബിജെപി പിടിക്കും; 73 ഇടങ്ങളിൽ ശക്തമായ മുന്നേറ്റം

ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലമാണ്. 73 ഇടങ്ങളിൽ ആണ് ബിജെപി മുന്നേറുന്നത്. 32 ഇടത്ത് ആണ് ടിആർഎസ് മുന്നിലുള്ളത്. 15 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ പുരോ​ഗമിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുപകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതിനാല്‍ ഫല പ്രഖ്യാപനങ്ങളും ലീഡ് നിലയും അറിയുന്നത് വൈകുമെന്നാണ് വിവരം.

രാജ്യശ്രദ്ധയാകര്‍ഷിച്ച കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം നിര്‍ണായകമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിക്ക് വേണ്ടി പട നയിച്ചപ്പോള്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തന്നെയായിരുന്നു ടിആര്‍എസിന്‍റെ പ്രചാരണരംഗത്തെ താരം. അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തില്‍ എഐഎംഐഎമ്മും ശക്തമായ പ്രചാരണമാണ് നടത്തിയത്.

ഡിസംബര്‍ ഒന്നിനാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് വോട്ടെടുപ്പ് നടന്നത്. കോവിഡ് സാഹചര്യത്തില്‍ 46.55 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രം ഉപയോഗിക്കാത്തതിനാല്‍ വൈകീട്ടോടെ മാത്രമേ അന്തിമഫലം പുറത്തുവരൂ.

Related Articles

Latest Articles