തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിനെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ വെറും ഷോയാണ്. ഹേമ കമ്മിറ്റി വിട്ട് നിങ്ങൾ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂവെന്നാണ് ശാരദ പറയുന്നത്. റിപ്പോർട്ടിലെ കാര്യങ്ങളെ കുറിച്ച് ഓർമ്മയില്ലെന്നും ശാരദ പറഞ്ഞു.
എഴുതിയ കാര്യങ്ങളെ കുറിച്ച് ഓർമ്മയില്ലെന്നാണ് നടി ശാരദ പറയുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് എല്ലാം ജസ്റ്റിസ് ഹേമ പറയട്ടെ എന്നും ശാരദ പറയുന്നു. റിപ്പോർട്ടിലെ ശാരദയുടെ വിവാദ പരാമർശങ്ങളിൽ മറുപടി നല്‍കാനും ശാരദ തയ്യാറായില്ല.
”ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി പേരാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ഇത് ഷോയാണ്. ഇപ്പോൾ നമ്മൾ വയനാടിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. എത് പേരാണ് അവിടെ മരിച്ചത്. കുട്ടികൾ അനാഥരായി. വലിയ ദുരന്തമാണ് ജില്ലയിൽ ഉണ്ടായത്. ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയില്ല. പ്രായം 80 നോട് അടുക്കുന്നു. പലകാര്യങ്ങളും മറന്നു. ഇതേക്കുറിച്ച് ഹേമ മേഡത്തോട് ചോദിക്കുകയായിരിക്കും നല്ലത്. അഞ്ചാറ് വർഷം മുൻപ് നടന്ന വെളിപ്പെടുത്തലുകളെക്കുറിച്ച് ഓർക്കുന്നില്ല. എന്തൊക്കെയാണ് റിപ്പോർട്ടിൽ താൻ എഴുതിയത് എന്നും ഓർമ്മയില്ലെന്നും” ശാരദ വ്യക്തമാക്കി.
തന്റെ കാലത്തും സിനിമയിൽ പല നടിമാരും അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. മാനം പോകുമെന്ന് കരുതിയും അവസരങ്ങൾ ഇല്ലാതാകുമെന്ന് ഭയന്നുമാണ് ആരും പുറത്ത് പറയാതെ ഇരുന്നത്. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്ക് ദുരനുഭവങ്ങൾ തുറന്നുപറയാൻ ധൈര്യമുണ്ടായെന്നും ശാരദ പറഞ്ഞു.

