Tuesday, December 23, 2025

രാജ്യത്ത് കൊവാക്‌സിൻ വിതരണത്തിൽ നിന്ന് ഐസിഎംആറിന് ലഭിച്ചത് 171.74 കോടി; തുക ആരോഗ്യമേഖലയെ വികസിപ്പിക്കാൻ ഉപയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി: രാജ്യത്ത് കൊവാക്‌സിൻ നിർമ്മിച്ച് വിൽപ്പന നടത്തിയതിൽ നിന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന് റോയൽട്ടിയായി ലഭിച്ചത് 171.74 കോടി രൂപ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം . കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

2022, ജനുവരി 31 വരെയുള്ള കണക്കുകളാണിതെന്നും . ഭാരത് ബയോടെക് നിർമ്മിച്ച കൊവാക്‌സിന്റെ പരീക്ഷണത്തിനും ഉത്പാദനത്തിനുമായി ഏകദേശം 35 കോടി രൂപയാണ് കൗൺസിൽ ചെലവാക്കിയിട്ടുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യ പറഞ്ഞു. അദ്ദേഹം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

‘ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനാണ് കൊവാക്‌സിൻ. ഇത് വിതരണം ചെയ്തതിന്റെ റോയൽട്ടിയായാണ് ഐസിഎംആറിന് 171.74 കോടി രൂപ ലഭിച്ചത്. ഇത് ആരോഗ്യമേഖലയെ വികസിപ്പിക്കാനും കൂടുതൽ ഗവേഷണങ്ങൾ നടത്താനും ഉപയോഗപ്പെടുത്തും’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിന്റെ കീഴിലുള്ള ഇൻഷുറൻസ് പദ്ധതി വഴി മഹാമാരിക്കെതിരെ പോരാടി മരിച്ച 1,616 ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് 808 കോടി രൂപയുടെ ഇൻഷുറൻസ് ക്ലെയിമുകൾ നൽകിയതായും ആരോഗ്യമന്ത്രി അറിയിച്ചു.

മാത്രമല്ല രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും പരിചരണത്തിൽ ഏർപ്പെട്ടവരും അപകടസാധ്യതയുള്ളവരുമായ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, സ്വകാര്യ ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടെ 22.12 ലക്ഷം ആരോഗ്യ പരിപാലന ദാതാക്കൾക്ക് പദ്ധതി വഴി 50 ലക്ഷം രൂപയുടെ സമഗ്രമായ വ്യക്തിഗത അപകട പരിരക്ഷ നൽകുന്നുണ്ടെന്നും അർഹരായ ഗുണഭോക്താക്കൾക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനാണ് സർക്കാർ പിഎംജികെപി പദ്ധതി ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles