പാലക്കാട് : പാലക്കാട് മലമ്പുഴ ചേറാട് മലയിൽ കുടുങ്ങി കിടക്കുന്ന ബാബുവിനെ രക്ഷിക്കാൻ പാരാ കമാൻഡോസ് സംഘവും എത്തുന്നു.
ബംഗളൂരു യെലഹങ്ക വിമാനത്താവളത്തിൽ എയർ ഫോഴ്‌സിന്റെ എഎൻ 32 വിമാനം സജ്ജമാണ്. രാത്രി 9.15ന് വ്യോമസേന വിമാനം ബംഗളൂരുവിൽ നിന്ന് പുറപ്പെടും. കോയമ്പത്തൂർ സുളൂർ വിമാനം ഇറങ്ങി സംഘം മലമ്പുഴയ്ക്ക് തിരിക്കും.
അതേസമയം, ആർമിയുടെ രക്ഷാപ്രവർത്തനം ഇന്ന് രാത്രി പത്ത് മണിയോടെ തന്നെ ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിനായി പത്ത് പേരടങ്ങുന്ന സംഘം മലമ്പുഴയിലേക്ക് പുറപ്പെട്ടിട്ടു. പർവതാരോഹണ രക്ഷാപ്രവർത്തനത്തിലെ വിദഗ്ധരാണ് ആർമി ദൗത്യസംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
കാർഗിൽ ഓപറേഷൻ, ഉത്തരാഖണ്ഡ് ദൗത്യം എന്നിവയിൽ പങ്കെടുത്തവരാണ് മലമ്പുഴയിലേക്ക് തിരിച്ചിരിക്കുന്നത്. ഇന്ന് രാത്രി തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് സംഘം യാത്ര തിരിച്ചിരിക്കുന്നത്. പ്രദേശത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം സംഘം ശേഖരിച്ചുകഴിഞ്ഞു. പത്ത് പേരുള്ള രക്ഷാസംഘത്തിൽ ക്ലൈംബിംഗ് വിദഗ്ധരായ നാല് പേരുണ്ട്. ഒരാൾ ലെഫ്‌നന്റ് കമാൻഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.
മാത്രമല്ല യുദ്ധ സമയത്തുള്ള രക്ഷാപ്രവർത്തനം ഉൾപ്പെടെ നടത്തിയ സംഘമാണ് നിലവിൽ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിന്റെ രക്ഷയ്ക്കായി എത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ന് രാത്രി തന്നെ ബാബുവിനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും അധികൃതരും നാട്ടുകാരും.
അതേസമയം ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേർന്നാണു കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.പിന്നീട് സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഇന്നലെ രാത്രി 12ന് അഗ്നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവർത്തനം നടത്തായില്ല.പിന്നീട് രക്ഷാപ്രവർത്തനം പുലർച്ചെ മാത്രമേ ആരംഭിക്കാനാകൂ എന്നതിനാൽ സംഘം അവിടെ ക്യാംപ് ചെയ്തു. വന്യമൃഗങ്ങളെ അകറ്റാൻ പന്തം കത്തിച്ചുവച്ചു. വീഴ്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്.
മാത്രമല്ല കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്കും പോലീസിനും അയച്ചു കൊടുത്തിട്ടുണ്ട്. പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്.
പാലക്കാട് ചെറാട് നിന്ന് ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിനും മുൻപും മല കയറുന്നതിനിടെ കാൽ വഴുതി വീണ് ബാബുവിന് പരുക്കേറ്റിരുന്നു.

