Tuesday, May 14, 2024
spot_img

തെലങ്കാനയിൽ ബിജെപി അധികാരത്തില്‍ വന്നാല്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കും ! കെസിആറിന് ഇതുപോലൊരു പ്രഖ്യാപനം നടത്താന്‍ കഴിയുമോ? വെല്ലുവിളിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഹൈദരാബാദ് : തെലങ്കാനയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തില്‍ വന്നാല്‍ ഒബിസി വിഭാഗത്തില്‍നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിആര്‍എസ് അധികാരത്തില്‍ വന്നാല്‍ ഒരു ദളിത് നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് 2014-ല്‍ ബിആര്‍എസ് അദ്ധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവു പറഞ്ഞിരുന്നുവെങ്കിലും സൗകര്യപൂര്‍വം അദ്ദേഹം ആ വാഗ്ദാനത്തിന്റെ കാര്യം അവഗണിക്കുകയാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സംസ്ഥാനത്തെ ദളിതരെയും ഗോത്രവിഭാഗങ്ങളെയും ഒബിസി വിഭാഗത്തെയും കഴിഞ്ഞ ഒമ്പതര കൊല്ലമായി ബിആര്‍എസ് വഞ്ചിക്കുകയായിരുന്നുവെന്ന് തുറന്നടിച്ചു. സൂര്യാപേട്ടില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

“സംസ്ഥാനത്തെ ദളിതരെയും ഗോത്രവിഭാഗങ്ങളെയും ഒബിസി വിഭാഗത്തെയും കഴിഞ്ഞ ഒമ്പതര കൊല്ലമായി ബിആര്‍എസ് വഞ്ചിക്കുകയായിരുന്നു. പാവപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരാണ് ബിആര്‍എസ്. ദളിത് കുടുംബങ്ങള്‍ക്ക് മൂന്ന് ഏക്കര്‍ ഭൂമി നല്‍കുമെന്നതടക്കം മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ അവര്‍ക്കായില്ല.

ബിആര്‍എസ് അധികാരത്തില്‍ വന്നാല്‍ ഒരു ദളിത് നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് 2014-ല്‍ ബിആര്‍എസ് അദ്ധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവു പറഞ്ഞിരുന്നു. എന്നാല്‍ സൗകര്യപൂര്‍വം അദ്ദേഹം ആ വാഗ്ദാനത്തിന്റെ കാര്യം അവഗണിക്കുകയാണ് ചെയ്തത്. മകന്‍ കെ.ടി രാമറാവുവിനെ തന്റെ പിന്‍ഗാമിയാക്കാനാണ് ഇപ്പോള്‍ ചന്ദ്രശേഖര്‍ റാവു ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ ഒബിസി വിഭാഗത്തില്‍നിന്നുള്ള ഒരു നേതാവിനെ മുഖ്യമന്ത്രിയായി ബിജെപി തെരഞ്ഞെടുക്കും. കെസിആറിന് ഇതുപോലൊരു പ്രഖ്യാപനം നടത്താന്‍ കഴിയുമോ? തന്റെ ഭരണകാലത്ത് ഒബിസി വിഭാഗത്തിനുവേണ്ടി ഒരു കാര്യവും ചെയ്യാന്‍ കെസിആറിന് കഴിഞ്ഞിട്ടില്ല.

കോണ്‍ഗ്രസും ബിആര്‍എസും ഒരേ ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന പാര്‍ട്ടികളാണ്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെങ്കില്‍ ബിആര്‍എസിന് വേണ്ടത് കെസിആറിന്റെ മകന്‍ കെ.ടി രാമറാവുവിനെ മുഖ്യമന്ത്രിയാക്കുക എന്നതാണ്.

അയോധ്യയില്‍ റെക്കോര്‍ഡ് വേഗത്തില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചു. സൂര്യപെട്ടിലെ ജനങ്ങളെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകളിലേക്ക് ക്ഷണിക്കുകയാണ്” -അമിത് ഷാ പറഞ്ഞു.

Related Articles

Latest Articles