Tuesday, May 14, 2024
spot_img

വിവാഹേതര ലൈംഗികബന്ധവും സ്വവർഗ ലൈംഗികതയും വീണ്ടും ക്രിമിനൽ കുറ്റമാക്കും ? പാർലമെന്ററി കമ്മിറ്റി ശുപാർശ ചെയ്തേക്കുമെന്ന് റിപ്പോർട്ട്; സ്ത്രീക്കും പുരുഷനും ശിക്ഷ ഒരുപോലെ!

വിവാഹേതര ലൈംഗികബന്ധവും സ്വവർഗ ലൈംഗികതയും വീണ്ടും ക്രിമിനൽ കുറ്റമാക്കാൻ പാർലമെന്ററി കമ്മിറ്റി ശുപാർശ ചെയ്തേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. ഐപിസി, സിആർപിസി, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്കു പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയ്ക്കുള്ള കരട് നിയമത്തിൽ പഠനം നടത്തുന്ന സമിതിയാണ് ഈ വിഷയവും ഇതോടൊപ്പം ഉൾപ്പെടുത്താൻ പരിഗണിക്കുന്നതെന്നാണ് വിവരം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓഗസ്റ്റിലാണ് ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്. നിലവിൽ ഈ ബില്ലുകൾ ആഭ്യന്തരകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ബിജെപി എംപി ബ്രിജ് ലാലിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിക്ക് ബില്ലുകളിൽ വിശദപഠനം നടത്താൻ മൂന്നു മാസത്തെ സമയമായിരുന്നു നൽകിയത്. ഇന്ന് സമിതി യോഗം ചേർന്നെങ്കിലും റിപ്പോര്‍ട്ട് നൽകിയിട്ടില്ല. സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ മൂന്നുമാസം കൂടി സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടു. അടുത്തമാസം ആറിനാണ് അടുത്ത യോഗം.

2018ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്നു വിധിച്ചത്. നേരത്തെ നിലവിലുണ്ടായിരുന്ന നിയമപ്രകാരം വിവാഹിതയായ സ്ത്രീയുമായി മറ്റൊരു പുരുഷൻ ലൈംഗികബന്ധത്തിൽ‌ ഏർപ്പെടുന്നതിന് അഞ്ചു വർഷം തടവുശിക്ഷ ലഭിക്കുമായിരുന്നു. എന്നാൽ സ്ത്രീക്ക് ശിക്ഷയില്ല. തിരികെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമത്തിൽ സ്ത്രീക്കും പുരുഷനും ഒരുപോലെ ശിക്ഷ നൽകാനുള്ള വകുപ്പുകൾ ഉൾപ്പെടുത്താനാണ് നീക്കം. സ്വവർഗ ലൈംഗികത നിരോധിക്കുന്ന സെക്ഷൻ 377 തിരികെക്കൊണ്ടുവരാനും ചർച്ച നടക്കുന്നുണ്ട്. ഈ വകുപ്പും അഞ്ചു വർഷം മുൻപ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഭരണഘടനാ അനുഛേദം 14, 15, 19, 21 എന്നിവ ഈ നിയമത്തിലൂടെ ലംഘിക്കപ്പെടുന്നതായി കോടതി നിരീക്ഷിച്ചിരുന്നു.

Related Articles

Latest Articles