ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനെയിയെ വധിക്കാൻ പരമാവധി ശ്രമിച്ചുവെന്നും എന്നാല്‍ ഖമനെയിയുടെ ഒളിത്താവളം കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് കൃത്യം നടക്കാതെ പോയതെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. കാന്‍ പബ്ലിക് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
“ഖമനെയി ഞങ്ങളുടെ കണ്ണില്‍പെട്ടിരുന്നെങ്കിൽ ഞങ്ങള്‍ അദ്ദേഹത്തെ പുറത്തെത്തിക്കുമായിരുന്നു. ഞങ്ങള്‍ക്ക് ഖമനെയിയെ ഇല്ലാതാക്കണമെന്നുണ്ട്. പക്ഷേ അതിനുള്ള അവസരം ലഭിച്ചില്ല. ഈ ഭീഷണി തിരിച്ചറിഞ്ഞ് ഖമനെയി ഭൂമിക്കടിയില്‍ പോയി ഒളിക്കുകയായിരുന്നു.”_ ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും ഖമനെയിക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ഖമനെയി എവിടെയാണുള്ളതെന്ന് അമേരിക്കയ്ക്ക് അറിയാമെന്നും അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണെന്നും എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ട്രമ്പ് അന്ന് പറഞ്ഞത്. പിന്നാലെ ഖമനെയി ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയതായും സൈന്യത്തിന് അധികാരങ്ങള്‍ കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖമനെയിയും കുടുംബാംഗങ്ങളും വടക്കുകിഴക്കന്‍ ടെഹ്‌റാനിലെ ബങ്കറിലേക്ക് മാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

