കണ്ണൂർ : പി വി അൻവറിനെ യുഡിഎഫ് മുന്നണിയിലെത്തിക്കാനുള്ള ദൗത്യം കോൺഗ്രസ് ഉപേക്ഷിച്ചെന്ന വാർത്ത വരുന്നതിനിടെ അൻവറിനെ കൂടെകൂട്ടാൻ വ്യക്തിപരമായി ശ്രമിക്കുമെന്ന് കെപിസിസി മുൻ അദ്ധ്യക്ഷൻ കെ സുധാകരൻ. പി.വി.അൻവർ യുഡിഎഫിനൊപ്പമുണ്ടായിരുന്നെങ്കിൽ കരുത്തായേനെയെന്നും. അൻവറിന്റെ യുഡിഎഫ് പ്രവേശനം തടഞ്ഞത് അദ്ദേഹത്തിന്റെ തന്നെ നിബന്ധനകളാണെന്നും സുധാകരൻ പറഞ്ഞു. അൻവർ വരാൻ തയ്യാറായാൽ കൂടെനിർത്തും. സ്വതന്ത്രനായി മത്സരിച്ചാലും കുഴപ്പമില്ല. അദ്ദേഹം യുഡിഎഫിനൊപ്പം ഉണ്ടായിരുന്നെങ്കിൽ കരുത്തായേനെയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
‘‘യുഡിഎഫ് സംവിധാനം ഇന്നലെയുണ്ടാക്കിയതല്ല. ഒരു വ്യക്തിയുടെ താൽപര്യത്തിൽ അതു പൊളിക്കാനാകില്ല. അൻവർ വരുന്നെങ്കിൽ സന്തോഷം. എന്നാൽ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചാലും കുഴപ്പമില്ല. ഞങ്ങളുടെ വോട്ട് ബാങ്ക് പരിശോധിച്ചപ്പോൾ ഒരു ഭയപ്പാടും ഇല്ല. യുഡിഎഫ് സ്ഥാനാർത്ഥിയെ അംഗീകരിക്കാത്ത ആളെ എങ്ങനെ മുന്നണിയിൽ നിർത്തും.
അൻവറിന് സീറ്റു നൽകുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നിട്ടുണ്ടോ എന്നറിയില്ല. അൻവറിനെ യുഡിഎഫിൽ ചേർക്കുന്ന കാര്യം പൂർണമായി അടഞ്ഞിട്ടില്ല. അൻവറിനെ കൂടെകൂട്ടാൻ വ്യക്തിപരമായി ശ്രമിക്കും. അൻവറില്ലെങ്കിലും യുഡിഎഫ് ജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്ലാവർക്കും കാഴ്ചപ്പാടുകളുണ്ടാകാം. അതിൽ ഉറച്ചു നിൽക്കുന്നത് പിടിവാശി എന്നു വേണമെങ്കിൽ പറയാം. അൻവറും സതീശനും അൽപം അയഞ്ഞിരുന്നെങ്കിൽ യുഡിഎഫ് പ്രവേശനം സാധ്യമാകുമായിരുന്നു. യുഡിഎഫ് സ്ഥാനാർഥിയെ അംഗീകരിച്ചിരുന്നെങ്കിൽ സതീശൻ അൻവറിനെ കൈ പിടിച്ച് കൊണ്ടുവന്നേനെ’’– സുധാകരൻ പറഞ്ഞു.

