Friday, May 3, 2024
spot_img

“സമാധാനപരമായി പ്രതിഷേധം നടത്തിയാൽ ആർക്കും പ്രശ്നമില്ല ! ഗവർണറുടെ ഔദ്യോഗിക വാഹനത്തിൽ ഇടിക്കുന്നതാണോ പ്രതിഷേധം?”- എസ്എഫ്ഐ തനിക്കെതിരെ നടത്തുന്നത് ആക്രമണമാണെന്നാവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

എസ്എഫ്ഐ തനിക്കെതിരെ നടത്തിയത് പ്രതിഷേധമല്ലെന്നും ആക്രമണമാണെന്നും ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ ഔദ്യോഗിക വാഹനത്തിൽ ഇടിക്കുന്നതാണോ പ്രതിഷേധമെന്ന് ചോദിച്ച അദ്ദേഹം സമാധാനപരമായി പ്രതിഷേധം നടത്തിയാൽ ആർക്കും പ്രശ്നമില്ലെന്നും എന്നാൽ കാർ തടഞ്ഞുനിർത്തി ആക്രമിച്ചാൽ അത് പ്രതിഷേധമല്ലെന്നും പറഞ്ഞു. കൊല്ലം നിലമേലിൽ എസ്എഫ്ഐ തന്നെ തടഞ്ഞ സംഭവം എല്ലാ മാസവും രാഷ്ട്രപതിക്ക് അയയ്ക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗവർണർ .

‘‘കൊല്ലം നിലമേലിൽ എസ്എഫ്ഐ തന്നെ തടഞ്ഞ സംഭവം എല്ലാ മാസവും രാഷ്ട്രപതിക്ക് അയയ്ക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന സംഭവങ്ങൾ രാഷ്ട്രപതിയെ അറിയിക്കേണ്ടത് ഗവർണറുടെ കടമയാണ്. വ്യക്തിപരമായി ഇക്കാര്യങ്ങൾ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി വിഷയം ശ്രദ്ധിച്ചിട്ടുണ്ടാകും.
‘‘ജനാധിപത്യ രാജ്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഗതാർഹമാണ്. അക്രമ മാർഗങ്ങൾ ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് എതിരാണ്. രാഷ്ട്രീയ ജീവിതത്തിൽ വളരെ മോശമായ സാഹചര്യങ്ങൾ താൻ നേരിട്ടിട്ടുണ്ട്. അതിനെയെല്ലാം ധൈര്യമായി നേരിട്ടാൽ കുഴപ്പമില്ലെന്നാണ് അനുഭവം.’’ – ഗവർണർ പറഞ്ഞു.

Related Articles

Latest Articles