Sunday, May 19, 2024
spot_img

ഗള്‍ഫ് മേഖല വീണ്ടും അശാന്തിയിലേക്ക്; യുദ്ധത്തിനൊരുങ്ങി ഇറാന്‍

റിയാദ്: ഹൂതി വിമതര്‍ സൗദിയിലെ എണ്ണക്കമ്പനിയായ ആരാംകോയില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍-അമേരിക്ക വാക്‌പോര് രൂക്ഷമാകുന്നു. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. ആരാംകോ ആക്രമണത്തിന്‍റെ പേരില്‍ തങ്ങള്‍ക്കെതിരെ തിരിയാനാണ് അമേരിക്കയുടെ ഭാവമെങ്കില്‍ യുദ്ധത്തിന് സജ്ജമാണെന്നായിരുന്നു ഇറാന്റെ പ്രതികരണം.

ആരാംകോയിലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ആക്രമണം യെമനില്‍ നിന്നാണെന്നതിന് തെളിവൊന്നും ഇല്ലെന്നായിരുന്നു അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രതികരണം. ലോകത്തിന്റെ ഊര്‍ജ്ജവിതരണം അസ്ഥിരമാക്കാനാണ് ഇറാന്‍ ആക്രമണം നടത്തിയതെന്നും പോംപിയോ ആരോപിച്ചു. ആക്രമണം നടത്തിയത് ഇറാനാണെന്നാണ് ഉപഗ്രഹചിത്രങ്ങള്‍ തരുന്ന സൂചനയെന്നും അമേരിക്ക ആരോപിക്കുന്നു.

അതേസമയം സൗദിയിലെ ആക്രമണത്തിന്‍റെ പേരില്‍ തങ്ങള്‍ക്കെതിരെ നീങ്ങാനാണ് അമേരിക്കയുടെ പദ്ധതിയെങ്കില്‍ ഇറാന്‍ പൂര്‍ണ്ണതോതിലുള്ള യുദ്ധത്തിന് സജ്ജമാണെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കമാണ്ടര്‍ അമീര്‍ അലി ഹജിസദേ പ്രതികരിച്ചു. 2000 കിലോമീറ്റര്‍ പരിധിയിലുള്ള അമേരിക്കയുടെ നാവിക താവളവും പടക്കപ്പലുകളും തകര്‍ക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ഇതിനുപിന്നാലെ സ്വന്തം എണ്ണക്കിണറുകള്‍ തകര്‍ന്ന് കഴിയുമ്പോഴേ ഇനി ഇറാന്‍ പഠിക്കുകയുള്ളൂവെന്ന് റിപ്പബ്ലിക്കന്‍ സെനറ്ററും ട്രംപിന്റെ അടുപ്പക്കാരനുമായ ലിന്‍ഡ്‌സി ഗ്രഹാം ട്വിറ്ററില്‍ കുറിച്ചു. ചുരുക്കത്തില്‍ ഗള്‍ഫ് മേഖല ഒരിക്കല്‍ക്കൂടി അശാന്തമാകുമോ എന്ന ആശങ്ക ഉയരുകയാണ്.

Related Articles

Latest Articles