തിരുവനന്തപുരം: കേരളാ ഹൈക്കോടതിയുടെയും ദേശീയപാതാ അതോറിറ്റിയുടെയും നിയന്ത്രണങ്ങൾ കാറ്റിൽപറത്തി തലസ്ഥാന നഗരിയിൽ പൊതുജനങ്ങൾക്ക് ശല്യമായി ഫ്ളക്സ് ബോർഡുകൾ വ്യാപകമാകുന്നു. പൊതുസ്ഥലത്ത് ഇത്തരം അനധികൃത ബോർഡുകൾ സ്ഥാപിക്കരുതെന്ന് ഹൈക്കോടതിയുടെ കർശനമായ നിയന്ത്രണങ്ങളുണ്ട്. ദേശീയപാതയിൽ സിഗ്നൽ സംവിധാനങ്ങളെ പോലും മറച്ചുകൊണ്ട് കഴക്കൂട്ടം വെട്ട്റോഡ് ഭാഗത്താണ് ട്രാഫിക് സിഗ്നൽ മറച്ചുകൊണ്ട് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. കൊല്ലം തിരുവനന്തപുരം ദേശീയപാതയിലാണ് സിഗ്നൽ കാണാനാവാത്തവിധം ബോർഡുള്ളത്. റോഡപകടങ്ങളിൽ നല്ലൊരു പങ്ക് ഇത്തരം ഫ്ളക്സ് ബോർഡുകളും കൊടി തോരണങ്ങളും കാരണമാണെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ കോടതി നിലപാട് കടുപ്പിക്കുമ്പോൾ മാത്രമാണ് ജില്ലാ ഭരണകൂടം ബോർഡുകൾ നീക്കി താൽക്കാലിക നടപടികളെടുക്കുന്നത്. പൊതുനിരത്തുകളിൽ അപകടക്കെണിയായി സ്ഥാപിക്കപ്പെടുന്ന ഇത്തരം ഫ്ളക്സ് ബോർഡുകൾക്കെതിരെ നടപടിയെടുക്കുന്നതിൽ ജില്ലാ ഭരണകൂടം അനാസ്ഥ കാണിക്കുന്നതായി വ്യാപക പരാതിയുണ്ട്. സ്ഥാപിക്കപ്പെടുന്ന ഫ്ളക്സ് ബോർഡുകൾ ശരിയായി സംസ്കരിക്കാത്ത കാരണം വൻ പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടാകുന്നുണ്ട്.

