Monday, June 17, 2024
spot_img

ഇല്ലുമിനാറ്റി ഗാനം വിശ്വാസങ്ങൾക്ക് എതിര് ! വിമർശനവുമായി ബിഷപ് ജോസഫ് കരിയിൽ

സമീപ കാലത്തെ മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളായ ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നിവയ്‌ക്കെതിരെ അതിരൂക്ഷ വിമർശനവുമായി ബിഷപ് ജോസഫ് കരിയിൽ. മേൽപറഞ്ഞ സിനിമകളിലെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ആവേശം സിനിമയിലെ . ‘ഇല്ലുമിനാറ്റി’ ഗാനത്തിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. ഇല്ലുമിനാറ്റി എന്നത് മതത്തിനും മറ്റ് എല്ലാത്തിനും എതിരെ നിൽക്കുന്ന സംഘടനയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ കുട്ടികൾക്കായി സഭ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാൻ പറഞ്ഞാൽ എല്ലാവരും ഇല്ലുമിനാറ്റി എന്ന് പറയും. എന്നാൽ ഇല്ലുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്ന സംഘടനയാണെന്ന് പലര്‍ക്കും അറിയില്ല. ആവേശം സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവൻ നേരവും. അക്രമവും അടിപിടിയുമാണ്. പാട്ട് പാടാമെന്ന് പറഞ്ഞാൽ എല്ലാവരും ഇല്ലുമിനാറ്റി എന്ന് പറയും. എന്നാൽ ഇല്ലുമിനാറ്റി എന്നത് നമ്മുടെ മതത്തിനും മറ്റ് എല്ലാത്തിനും എതിരെ നിൽക്കുന്ന സംഘടനയാണ്. പ്രേമലു സിനിമയെടുത്താലും അവിടെയും അടിയും കുടിയുമൊക്കെ തന്നെയാണ്.” – ബിഷപ് ജോസഫ് കരിയിൽ പറഞ്ഞു.

കേരളത്തിൽ മദ്യനയത്തിൽ മാറ്റം വരുത്തുന്നത് ജനവഞ്ചനയെന്ന് സിറോ മലബാർ സഭ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ടൂറിസം വികസനത്തിൻ്റെ മറപിടിച്ച് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ആശങ്കാജനകമാണെന്നും സിറോ മലബാർ സഭ പിആർഒ ആൻ്റണി വടക്കേക്കര വിമര്‍ശിച്ചു.

Related Articles

Latest Articles