വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി ആലോചിച്ച് ഭാരതം . വിവിധ ഉൽപ്പന്നങ്ങളുടെ താരിഫ് കുത്തനെ ഉയർത്താനുള്ള ഈ നീക്കം ഇന്ത്യൻ കയറ്റുമതിക്കാരെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ മെക്സിക്കൻ അധികൃതരുമായി ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്.
കയറ്റുമതിക്കാരുടെ താൽപര്യം സംരക്ഷിക്കുമെന്നും മെക്സിക്കോയ്ക്കെതിരെ തിരിച്ചടിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ആദ്യഘട്ടമെന്നോണം തീരുവ പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെടും. ഇരു രാജ്യങ്ങൾക്കും ഇടയിൽ സ്വതന്ത്ര വ്യാപാരക്കരാർ കൊണ്ടുവരുന്നതും മുന്നോട്ടുവയ്ക്കും. മെക്സിക്കോ തയാറായില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന സൂചനയും ഇന്ത്യ നൽകിയിട്ടുണ്ട്.
ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ മെക്സിക്കോയുമായി സ്വതന്ത്ര വ്യാപാര കരാറുകൾ (FTA) ഇല്ലാത്ത രാജ്യങ്ങൾക്കാണ് പുതിയ താരിഫ് വർദ്ധനവ് ബാധകമാകുന്നത്. പ്രാഥമിക ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ ഇന്ത്യ ആശങ്കകൾ അറിയിച്ചിരുന്നു. 2024 സെപ്റ്റംബർ 30-ന് മെക്സിക്കോയിലെ ഇന്ത്യൻ എംബസി മെക്സിക്കൻ സാമ്പത്തിക മന്ത്രാലയത്തെ സമീപിച്ച്, പുതുക്കിയ താരിഫ് ഘടനയിൽ നിന്ന് ഇന്ത്യൻ കയറ്റുമതിക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മെക്സിക്കൻ സെനറ്റ് ഡിസംബർ 11-ന് താരിഫ് നിയമനിർമ്മാണത്തിന് അംഗീകാരം നൽകി. ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്താനും വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ഈ തീരുമാനപ്രകാരം, 1,463 ഉൽപ്പന്ന വിഭാഗങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ ഇറക്കുമതി തീരുവ ബാധകമാകും. പുതുക്കിയ താരിഫുകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ പ്രീതിപ്പെടുത്താനുള്ള നടപടിയാണിതെന്ന വിമർശനം ശക്തമാണ്
ഓട്ടോമൊബൈൽസ്, യന്ത്രോപകരണങ്ങൾ, ഇലക്ട്രിക്കൽ സാധനങ്ങൾ, രാസവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ്, പ്ലാസ്റ്റിക്സ് തുടങ്ങിയ മേഖലകളെ മെക്സിക്കോയുടെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മെക്സിക്കോയിലേക്കുള്ള കയറ്റുമതി 5.75 ബില്യൺ ഡോളറായിരുന്നു, ഇറക്കുമതിയുടെ മൂല്യം 2.9 ബില്യൺ ഡോളറാണ്.

