Saturday, April 27, 2024
spot_img

നാളെ പത്താമുദയം;ഐശ്വര്യം ഉദിക്കുന്ന ഈ ദിനം; സർവ്വ കാര്യങ്ങൾക്കും ശുഭകരം

സൂര്യദേവനെ ആരാധിച്ച് ഐശ്വര്യങ്ങൾക്കായി പ്രാർഥിക്കുന്ന ദിവസം ആണ് പത്താമുദയം. ഒപ്പം, മണ്ണിലേക്കിറങ്ങി പണി ചെയ്യാൻ തുടങ്ങുന്ന ദിവസവും. പത്താമുദയം കൃഷി ആരംഭത്തിന്റെ ആഘോഷമാണ്. 2022 ഏപ്രിൽ 23ന് ശനിയാഴ്ചയാണ് ഇക്കൊല്ലത്തെ പത്താമുദയം. മേടം പത്താം തീയതിയാണ് പത്താം ഉദയം. അന്ന് സൂര്യൻ ഉച്ചത്തിലാണ് എന്നതാണ് പ്രത്യേകത .അഥവാ സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണ്.കൃഷിക്കാർക്ക് പ്രധാനപ്പെട്ട ഒരു ദിവസമാണിത്. പകൽ വാഴും പൊന്നു തമ്പുരാൻ ഏറ്റവും കരുത്തോടെ കത്തിജ്വലിച്ചു നിൽക്കുന്ന ദിവസം.ഇതിന് വിപരീതമാണ് സൂര്യൻ നീചനാകുന്നത് തുലാപത്ത്.

വിഷു നാളിൽ പാടത്തിറങ്ങി ചാലു കീറും. പിന്നെ വിത്തു വിതയ്ക്കുന്നതു പത്താമുദയ ദിവസമാണ്. പത്താമുദയനാളിൽ വിത്തു വിതയ്ക്കാനും തൈകൾ നടാനും മറ്റൊന്നും നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ ആചാരം. പത്താമുദയ ദിവസം കേരളത്തിലെ ഒട്ടേറെ ദേവീക്ഷേത്രങ്ങളിൽ ഉത്സവങ്ങളും പ്രത്യേക പൂജകളും നടക്കും. ദേവീ ആരാധനയ്ക്കും സൂര്യാരാധനയ്ക്കും പ്രധാനമാണു പത്താമുദയം.

പത്താമുദയദിവസം സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികളെയും ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. നിത്യ പൂജയില്ലാത്ത കാവുകളിലും ഈ ദിവസം പൂജകൾ നടത്തും.വീടു പാലുകാച്ചിനു ഈ ദിനം ഉത്തമമാണ്.
സൂര്യാരാധനയുടെ ഭാഗമായി വെള്ളിമുറം കാണിക്കലെന്നൊരു ചടങ്ങ് മുമ്പ് ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി സൂര്യനെ ഉദയത്തിന് കാണിക്കും. പിന്നീട് ഈ അരിപ്പൊടി പലഹാരമാക്കി കഴിക്കും

Related Articles

Latest Articles